കേരളം ഒളിമ്പിക്സിന് വേണ്ടി ഒരുങ്ങണമെന്ന് സുരേഷ് ഗോപി; 'പറയുന്നത് സ്വപ്നമല്ല, മോദിയുടെ കൽപനയാണ്'
text_fieldsകൊല്ലം: ഒളിമ്പിക്സ് ഇന്ത്യയിൽ എന്നത് യാഥാർഥ്യമാകാൻ പോകുന്നതാണന്നും അതിനായി രാജ്യത്തിനൊപ്പം കേരളവും തയാറെടുപ്പ് നടത്തണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊല്ലം കോർപറേഷൻ എൻ.ഡി.എ സ്ഥാനാർഥി സംഗമവും വികസനരേഖ പ്രകാശനവും നിർവഹിക്കുകയായിരുന്നു.
രാജ്യത്ത് വികസനം നടപ്പാക്കാൻ മോദി സർക്കാർ വരേണ്ടി വന്നു. ഒളിമ്പിക്സ് ഇന്ത്യയിൽ കൊണ്ടുവരും എന്ന് പറയുന്നത് സ്വപ്നമല്ല. അത് മോദിയുടെ കൽപനയാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2026ലോ 2040ലോ ഒളിമ്പിക്സ് കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഗുജറാത്തും യു.പിയും മഹാരാഷ്ട്രയും മാത്രം ഒരുങ്ങിയാൽ മതിയോ..? നമ്മൾ സജ്ജരാണോ..? കൊല്ലത്തെ ലാൽ ബഹുദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി കാണാൻ വയ്യ. കൊല്ലത്തെ ഭരിക്കുന്നവർക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ വികസനത്തിനും ബൈപാസ് വികസനത്തിനും മോദിയും ഗഡ്കരിയും വേണ്ടിവന്നു. ഇതെല്ലാം ജനങ്ങളുടെ പണം കൊണ്ടാണ് നിർമിക്കുന്നത്. അല്ലാതെ മോദിയുടെയോ പിണറായി വിജയന്റെയോ വി.ഡി.സതീശന്റെയോ വീട്ടിൽ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇപ്പോൾ നടക്കുന്നത് കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണമാണങ്കിൽ ഇനി സി.ബി.ഐയും എൻ.ഐ.എയും ഇ.ഡിയുമൊക്കെ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കിഫ്‌ബി ആയാലും എന്തായാലും കണക്ക് വേണം. അതാണ് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത്. നാട്ടുകാരെ പറ്റിക്കാം, പക്ഷെ സംവിധാനത്തിൽ അത് നടക്കില്ല.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ നാല് സീറ്റുകൾ വരെ എൻ.ഡി.എക്ക് ലഭിക്കും. നേമം സീറ്റ് ബി.ജെ.പി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

