റോഡിലെ കുഴിയിൽ വീണുള്ള മരണങ്ങളിൽ കേരളത്തെ നമ്പർ വൺ ആക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡിലെ കുഴിയിൽ വീണുള്ള അപകടമരണങ്ങളിൽ കേരളത്തെ നമ്പർ വൺ ആക്കരുതെന്ന് ഹൈകോടതി. അന്താരാഷ്ട്ര നിലവാരമുള്ള റോഡ് നിർമിക്കാനൊന്നും സർക്കാറിന് കഴിയില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് മതി. കുഴികളിൽ വീണ് ഇനിയൊരു ജീവൻ നഷ്ടമാകരുത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഉറ്റവരുടെ നിലവിളികൾ കേൾക്കാതിരിക്കാനാവില്ല. ആ വേദന കാണാതിരിക്കാനാവില്ല. റോഡുകൾ സമഗ്ര ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
റോഡുകളുടെ ശോച്യാവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികൾ, എറണാകുളം നഗരത്തിലും തൃശൂരും വാഹനാപകടങ്ങളിൽ യുവാക്കൾ മരിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ പരിഗണിക്കുകയായിരുന്നു കോടതി. എറണാകുളം നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള എൻജിനീയർമാരെയും കോടതിയിൽ വിളിച്ചു വരുത്തിയിരുന്നു.
റോഡുകളുടെ തകർച്ചക്ക് മഴയടക്കമുള്ള കാരണങ്ങൾ സർക്കാർ നിരത്തിയെങ്കിലും ലോകത്ത് എല്ലായിടത്തും മഴയുണ്ടെന്നും അവിടെയൊക്കെ റോഡുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. എൻജിനീയർമാർ റോഡുകൾ പതിവായി പരിശോധിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.
ഒരു കുഴിമതി ജീവനെടുക്കാൻ
റോഡിൽ കുഴിയുണ്ടാകാൻ അനുവദിക്കരുതെന്നും കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോർഡെങ്കിലും വെക്കണമെന്നും കോടതി നിർദേശിച്ചു. ഒരു കുഴി മതി ജിവനെടുക്കാൻ. അതിനാൽ, ഇക്കാര്യത്തിൽ തുടർച്ചയായ നിരീക്ഷണം വേണം. അമ്മയുമായി ബൈക്കിൽ പോകവെ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് തൃശൂരിൽ യുവാവ് അപകടത്തിൽ മരിച്ചത്. ഇതുവരെ മകൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. തൃശൂർ എം.ജി റോഡിൽ ഒന്നോ രണ്ടോ കുഴികളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒരു കുഴി പോലും അപകടത്തിന് കാരണമാകുമ്പോൾ ഇത്തരത്തിൽ ഒരു റിപ്പോർട്ട് എങ്ങനെയാണ് നൽകാൻ കഴിയുക. റോഡിലെ കുഴികൾക്ക് എൻജിനീയർമാർ വ്യക്തിപരമായി ഉത്തരവാദികളാകണമെന്നും കോടതി പറഞ്ഞു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

