1000 കോടിയുടെ ഭവന പദ്ധതി; ‘ലൈഫി’ൽനിന്ന് മാറി ഇനി സ്വന്തം മേൽക്കൂര
text_fieldsതിരുവനന്തപുരം: ലൈഫിനെ ഒഴിവാക്കി, പകരം സ്വന്തമായി ഭവന പദ്ധതി പ്രഖ്യാപിച്ച് പട്ടിക വകുപ്പ്. എസ്.സി വിഭാഗങ്ങൾക്ക് 25,000 വീടുകളും എസ്.ടി വിഭാഗങ്ങൾക്ക് 7,000 വീടുകളുമടക്കം ഉൾപ്പെടുന്ന വൻ പദ്ധതിക്ക് 1,000 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ചെലവഴിക്കുക. കഴിഞ്ഞ എട്ടു വർഷമായി ലൈഫ് പദ്ധതിയിലാണ് പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഭവന പദ്ധതി ഉൾപ്പെട്ടിരുന്നതെന്നും എന്നാൽ, പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾക്ക് കാര്യമായി പ്രയോജനപ്പെട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം നിലക്ക് പദ്ധതി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കെ.എ. തുളസി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പട്ടികജാതി വിഭാഗങ്ങൾക്കായി 757 കോടിയും പട്ടിക വർഗ വിഭാഗങ്ങൾക്കായി 252 കോടിയുമാണ് പാർപ്പിട പദ്ധതിക്കായി നീക്കിവെച്ചത്. ഇത് കൂടാതെ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന പട്ടിക ജാതി വിഭാഗങ്ങൾക്കായി 20 കോടിയും വകയിരുത്തി. എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ നിലവിലുള്ള നാല് ലക്ഷം രൂപ ആറുലക്ഷമാക്കി ഉയർത്തി. എസ്.ടി വിഭാഗങ്ങളിൽ ഒറ്റപ്പെട്ടതും അതീവ ദുർഘട പ്രദേശങ്ങളിൽ വീട് വെക്കുന്നവർക്കുള്ള ധനസഹായം എട്ടു ലക്ഷമായി വർധിക്കും. പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. നാല് ഗഡുക്കളായാണ് ഗുണഭോക്തൃ വിഹിതം നൽകുക. ഇതിൽ രണ്ടു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകും.
കഴിഞ്ഞ എട്ടു വർഷം കൊണ്ട് ലൈഫ് വഴി പട്ടിക ജാതി വിഭാഗങ്ങൾക്ക് 757.47 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ, ഒരു സാമ്പത്തിക വർഷം കൊണ്ടുതന്നെ 727.62 കോടി ചെലവഴിക്കുമെന്നത് പദ്ധതിയുടെ വൈപുല്യം അടിവരയിടുന്നു. 2024-25 സാമ്പത്തിക വർഷം 120 കോടിയും 2025-26 വർഷം 105 കോടിയും പട്ടികജാതി വകുപ്പിൽനിന്ന് ലൈഫിലേക്ക് നൽയെങ്കിലും ഒരുരൂപ പോലും ചെലവഴിക്കാത്തതിനാൽ ഈ തുക സാമ്പത്തിക വർഷാവസാനം ധനവകുപ്പ് തിരിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളിലായി 50,000 കുടുംബങ്ങളും പട്ടികവർഗ വിഭാഗത്തിൽ 11,000 കുടുംബങ്ങളും ഭവന രഹിതരാണെന്നാണ് കണക്ക്.
ഓൺലൈനിലോ നേരിട്ടോ അപേക്ഷിക്കാം
ഭവന ധനസഹായ പദ്ധതിയിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട വികസന ഓഫിസിൽ നേരിട്ടോ വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്നു ലക്ഷം രൂപയായിരിക്കണം. വിധവകൾ നാഥയായ കുടുംബാംഗങ്ങൾ, മാരകരോഗം ബാധിച്ച കുടുംബാംഗങ്ങളുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
500 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമിക്കേണ്ടത്. പട്ടികജാതി ഭവന പദ്ധതിയിൽ ഗ്രാമപരിധിയിൽ രണ്ടു സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. 50,000 രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് മുൻഗണന. പട്ടികവർഗ ഭവന പദ്ധതിയിൽ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്നു ലക്ഷമാണ്. ഒരു ലക്ഷം വരെ വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബങ്ങൾക്കും മുൻഗണന.
സമയക്രമം ഇങ്ങനെ
- അപേക്ഷ സമർപ്പണം: 2026 നവംബർ ഒന്ന്
- അവസാന തീയതി: 2026 നവംബർ 16
- പരിശോധന, തരംതിരിക്കൽ: 2026 നവംബർ 24
- ഗുണഭോക്തൃ പട്ടിക തയാറാക്കൽ: 2026 നവംബർ 30
- ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കൽ: 2026 ഡിസംബർ മൂന്ന്
- ആദ്യ ഗഡു: 2026 ഡിസംബർ 24ന് മുമ്പ്
- രണ്ടാം ഗഡു: 2027 ഫെബ്രുവരി 10നുശേഷം

