വേനൽച്ചൂടിൽ പൊള്ളി കേരളം
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: വേനൽച്ചൂടിൽ സംസ്ഥാനം ഉരുകുന്നു. പകൽ പൊള്ളുന്ന ചൂടും രാത്രി ഉഷ്ണവും അനുഭവപ്പെടുന്ന കാലാവസ്ഥയിൽ വിയർത്തുകുളിക്കുകയാണ് സംസ്ഥാനം. ദിനംപ്രതി ചൂട് കനക്കുന്ന സ്ഥിതിയാണ്. ചില ദിവസങ്ങളിൽ താപനില കുറവാണെങ്കിലും പകൽ ചൂട് പൊള്ളിക്കുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 36 ഡിഗ്രി സെൽഷ്യസാണ് പത്തനംതിട്ട ജില്ലയിലെ താപനില. ആർദ്രത 55.6 ശതമാനവും രേഖപ്പെടുത്തി. താപനില കുറവാണെങ്കിലും അന്തരീക്ഷത്തിലെ ആർദ്രത ഉയർന്നുനിൽക്കുന്നത് ഉഷ്ണം വർധിപ്പിക്കാൻ ഇടയാക്കുന്നു. കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അന്തരീക്ഷ ആർദ്രത 70 ശതമാനത്തിനും മുകളിലാണ്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ ഉച്ചക്ക് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം.
ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.
ആലപ്പുഴ ജില്ലയിൽ 34.3 ഡിഗ്രി താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലെ മുണ്ടൂർ ഐ.ആർ.ടി.സിയിൽ രണ്ട് ദിവസം മുമ്പ് താപനില 38 ഡിഗ്രി വരെ ഉയർന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പകൽ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

