ഇത് ചരിത്രം! വേദന ഉള്ളിലൊതുക്കി വീട്ടിലിരുന്ന് മത്സരിച്ച് സിയ ഫാത്തിമ; മധുരമായി എ ഗ്രേഡ്
text_fields1. സിയ ഫാത്തിമ മാതാപിതാക്കൾക്കൊപ്പം 2. സിയ ഫാത്തിമ 3. വീട്ടിൽവെച്ച് വിഡിയോ കോൺഫറൻസിലൂടെ മത്സരിക്കുന്നു
തൃശൂർ/പടന്ന: ഉള്ളുലക്കുന്ന വേദനയിൽ വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ കത്തിലൂടെ വീട്ടിലിരുന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അവസരം ലഭിച്ച സിയ ഫാത്തിമക്ക് സന്തോഷമുഹൂർത്തം. പങ്കെടുത്ത എച്ച്.എസ് വിഭാഗം അറബിക് പോസ്റ്റർ രചന മത്സരത്തിൽ എ ഗ്രേഡോടെ മികച്ച വിജയമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.
കാസർകോട് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ സിയ ഫാത്തിമ ‘വാസ്കുലിറ്റിസ്’ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. തനിക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ സൗകര്യം ഒരുക്കിത്തരണം എന്ന് വിദ്യാഭ്യാസ മന്ത്രിയോട് അപേക്ഷിച്ചതിനെ തുടർന്നായിരുന്നു വിഡിയോ കോൺഫറൻസിലൂടെ മത്സരിക്കാൻ സാഹചര്യം ഒരുക്കിയത്.
ഇന്നലെ രാത്രി തന്നെ കൈറ്റ് അധികൃതർ പടന്നയിലെ വീട്ടിലെത്തി ഓൺലൈൻ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടെ അവസാനിച്ചു. പുസ്തകമേള എന്നതായിരുന്നു വിഷയം.
മത്സരത്തിൽ പങ്കെടുക്കാൻ തൃശൂരിലേക്കുള്ള യാത്ര ജീവനെ ബാധിക്കുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിക്ക് കത്തെഴുതിയത്. ഇതോടെയാണ് വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും പുറപ്പെടുവിച്ചത്.
മാനുഷിക പരിഗണന നൽകിയുള്ള ഉത്തരവ് കലോത്സവചരിത്രത്തിൽതന്നെ അത്യപൂർവമാണ്. കുട്ടിയുടെ വലിയ ആഗ്രഹം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നുമാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.
രണ്ടു മാസം മുമ്പാണ് സിയക്ക് അസുഖം വന്നത്. പ്രതിരോധശേഷി കുറയുന്ന ലക്ഷണങ്ങളാണ് ഉണ്ടായത്. പടന്ന തെക്കേപ്പുറം സിയാ മൻസിൽ സാറുവിന്റെയും അബ്ദുൽ മുനീറിന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

