സത്യന്‍ അന്തിക്കാടിന്റെ ക്ഷണം; ഹാപ്പിയായി മോണോ ആക്ട് താരങ്ങളായ നകുലും ശ്രീകൃഷ്ണനും
text_fieldsതൃശൂർ: കല്ലറ മിതൃമ്മല ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എ.എന്‍. നകുല്‍ നായരും കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് ചിറക്കരയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീകൃഷ്ണനും ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മോണോ ആക്ട് വേദിയിലെത്തിയപ്പോള്‍ എ ഗ്രേഡിന് അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വേദിയിലെ പ്രകടനത്തിന് ലഭിച്ച നിറഞ്ഞ കയ്യടികള്‍ക്കും എ ഗ്രേഡിനും അപ്പുറം ഇരുവർക്കും ജീവിതത്തില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന ചില ഓര്‍മകളും ഇന്ന് ലഭിച്ചു.
കാശ്മീരിലെ പഹല്‍ഗാം ആക്രമവും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറുമെല്ലാം പ്രമേയമാക്കി നകുല്‍ അവതരിപ്പിച്ച മോണോ ആക്ടിന് പ്രശംസയറിയിക്കാന്‍ മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആഗ്രഹമറിയിച്ച് വിളിച്ചു.
വേദിയിലെ പ്രകടനം നേരിട്ടുകണ്ട അന്തിക്കാടിന്‍റെ ഓഫീസ് സെക്രട്ടറിയാണ് ഇരുവരെയും അന്തിക്കാട്ടിലെ വീട്ടലേക്ക് ക്ഷണിച്ചത്. സത്യന്‍ സാറിന് മകനെ ഒന്ന് കാണണമെന്നറിയിച്ചതോടെ നകുലിന്‍റെ അച്ഛന്‍ അനീഷ് മുതുവിളയും അമ്മ നന്ദനയും ഒരുമിച്ച് സത്യന്‍ അന്തിക്കാടിന്റെ വീട്ടിലേയ്ക്ക് യാത്രയാവുകയായിരുന്നു. പ്രകടനം നേരില്‍ കാണാന്‍ ആഗ്രഹമറിയിച്ച സംവിധായകന് മുന്നില്‍ നകുല്‍ ഒന്നുകൂടി വേദിയിലെ കലാകാരനായി മാറി. അദ്ദേഹത്തിനൊപ്പം അന്തിക്കാട്ടിലെ വീട്ടില്‍ ഒരു മണിക്കൂറോളമാണ് ചിലവിട്ടത്.
15 വര്‍ഷമായി നാടക രംഗത്ത് ഉണ്ടായിരുന്ന തനിക്ക് കിട്ടാത്ത ഭാഗ്യമാണ് മകന് ലഭിച്ചതെന്ന് നകുലിന്‍റെ അച്ഛന്‍ അനീഷ് മുതുവിള പറഞ്ഞു. ആദ്യമായാണ് മോണോ ആക്ടില്‍ നകുല്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയത്. അഞ്ചാം ക്ലാസ് മുതല്‍ മോണോ ആക്ട് രംഗത്തുള്ള നകുൽ, അന്തിക്കാട് നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

