‘പാരിജാത‘ത്തിൽ പൂത്തുലഞ്ഞു, ഖൽബിലെ മൊഞ്ച് -VIDEO
text_fieldsതൃശൂർ: മൈലാഞ്ചി മൊഞ്ചഴകിയായി പാരിജാതം പൂത്തുലഞ്ഞു. ഇശൽ കാറ്റിന്‍റെ ഇമ്പം നിറച്ച് പൊലിവോടെ ഒതുക്കമാർന്ന ചുവടുകളുമായി തരുണിമാർ മുറുക്കത്തിൽ കൈകൊട്ടിയാടി. ഹൂറിയായി മണവാട്ടി നാണത്തിന്‍റെ തട്ടമണിഞ്ഞ് നിലാപുഞ്ചിരിപൊഴിച്ചു.
ബീവിമാരായ ഖദീജയും അയിഷയും ഫാത്തിമയും വർണനകളിൽ നിറഞ്ഞു നിന്നപ്പോൾ കണ്ണിനും കാതിനും കുളിരായി ഒപ്പന മൊഞ്ച് വേദിയിൽ നിറഞ്ഞു. ചായൽ അഴകിനൊപ്പം തൃശൂരിന്‍റെ മനസിലും മഹതിമാരുടെ കല്യാണക്കിസ്സകളുടെ അത്തർ മണം ഒഴുകിപ്പരന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തേക്കിൻകാട് മൈതാനത്തിന്‍റെ ഓരോ കോണിൽനിന്നും ഒപ്പന പ്രേമികൾ എച്ച്.എസ് വിഭാഗം ഒപ്പന കാണാൻ 'പാരിജാതം' തേടിയെത്തി. പാരമ്പര്യതനിമ ചോരാതെ അദബാർന്ന പ്രകടനവുമായി മണവാട്ടിമാരും തോഴിമാരും അവരുടെ ഹൃദയം കവരുകയും ചെയ്തു.
അഭിമാനപ്പോരാട്ടം നിറയുന്ന ഒപ്പന വേദിയിൽ അപ്പീൽ പ്രവാഹം കൂടിയായതോടെ 27 ടീമുകളാണ് മാറ്റുരച്ചത്. അർഥവത്തായ വരികൾ നിറഞ്ഞ ഇശലുകളും മിന്നിത്തിളങ്ങുന്ന ആടയാഭരണങ്ങൾ അഴകു നിറച്ച അണിഞ്ഞൊരുങ്ങലുമായി അടക്കവും ഒതുക്കവും ചുവടുകളിലും ചാർത്തി ഓരോരുത്തരും ഒന്നിനൊന്ന് മികവാർന്ന പ്രകടനം കാഴ്ചവച്ചപ്പോൾ നിറഞ്ഞുകവിഞ്ഞ സദസിൽ കൈയടികൾ നിലക്കാതെ താളം തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

