‘ലാലേട്ടൻ എന്ത് വേഷം ധരിക്കും?’ -മന്ത്രിമാരുടെ പ്രവചന മത്സരം; ശരിയുത്തരം പറഞ്ഞ് ശിവൻ കുട്ടി
text_fieldsതൃശൂർ: കൗമാര കലോത്സവത്തിന്റെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ വന്നതിന്റെ ആവേശത്തിലായിരുന്നു തൃശൂർ തേക്കിൻകാട് മൈതാനം. അതിനിടെ, ലാൽ വരുന്നതിന് തൊട്ടുമുമ്പ് മന്ത്രിമാർ തമ്മിൽ നടത്തിയ രസകരമായ പ്രവചനത്തെ കുറിച്ച് മന്ത്രി രാജൻ പറഞ്ഞത് സദസ്സിൽ ചിരി പടർത്തി.
വേദിയിൽ വരുമ്പോൾ ലാൽ ഏത് വേഷം ധരിക്കുമെന്നായിരുന്നു ചോദ്യം. ഉത്തരം കൃത്യമായി വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി പ്രവചിച്ചു. വേഷം ഏതായാലും അത് കൈത്തറിയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഇത് ശരിയാവുകയും ചെയ്തു. കൈത്തറി ജൂബയും കസവുമുണ്ടും ധരിച്ചാണ് മോഹൻലാൽ എത്തിയത്.
കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ളത് മാത്രമല്ല, അവർക്ക് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങൾ കൂടി പകർന്നു നൽകുന്ന വേദി കൂടിയാണെന്ന് മോഹൻ ലാൽ പറഞ്ഞു. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പല തവണ ക്ഷണം ലഭിച്ചപ്പോഴും കലോത്സവത്തിന് എത്താൻ പറ്റാത്തതിന്റെ വിഷമവും മോഹൻ ലാൽ പങ്കുവെച്ചു. ഇക്കുറി എന്തൊക്കെ അസൗകര്യമുണ്ടായാലും വരുമെന്ന് ക്ഷണിച്ചവർക്ക് ഉറപ്പുനൽകിയെന്നും നടൻ പറഞ്ഞു. കുട്ടികൾക്കു വേണ്ടി കുറച്ച് മീശ പിരിച്ചിട്ടുണ്ടെന്നും മോഹൻ ലാൽ പറഞ്ഞു. പ്രസംഗിക്കാൻ മോഹൻലാലിനെ വിളിച്ചപ്പോൾ സദസ്സ് ഇളകി മറിയുകയായിരുന്നു.
തൃശൂരിലെ ഏറ്റവും പുണ്യവും പരിപാവനവുമായ സ്ഥലത്തുനിന്നാണ് കുട്ടികളുമായി ഞാൻ മത്സരിക്കുന്നത് എന്ന ആമുഖത്തോടെയാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. ‘മുമ്പ് കലോത്സവത്തിലെ കലാപ്രതിഭകൾക്കും തിലകങ്ങൾക്കും സിനിമ താരങ്ങളുടെ പ്രഭയുണ്ടായിരുന്നു. മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, നവ്യനായർ എന്നിവരൊക്കെയും കലോത്സവത്തിന്റെ സംഭാവനകളാണ്. ഗായികയായ കെ.എസ്. ചിത്ര, ഗായകൻ ജി. വേണുഗോപാൽ എന്നിവരൊക്കെ കലോത്സവത്തിലൂടെ വളർന്നു വന്ന താരങ്ങളാണ്.
വ്യക്തിയെന്ന നിലയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. പങ്കുവെക്കലിന്റെ ശീലങ്ങൾ വളർത്തിയെടുക്കുന്നു. തോൽവി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നു. മത്സരിക്കുന്നതാണ് പ്രധാനം. അവിടെ ജയ പരാജയങ്ങൾക്ക് പ്രസക്തിയില്ല. പലർക്കും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് അവരാരും മോശം കലാകാരൻമാരാകുന്നില്ല എന്ന പാഠം കൂടിയാണ് കലോത്സവങ്ങൾ അവർക്ക് സമ്മാനിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങൾക്ക് പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന, സാംസ്കാരികമായി അവരെ പരുവപ്പെടുത്തുന്ന കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഭാവി തിരിച്ചറിഞ്ഞ് അത് സംഘടിപ്പിക്കാൻ വേണ്ടി ഇത്രയേറെ പണവും മനുഷ്യവിഭവവും മാറ്റിവെക്കുന്ന സർക്കാറിനോടും സംഘാടകർക്കും നന്ദി പറഞ്ഞ ശേഷമാണ് മോഹൻ ലാൽ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

