കല കാണാൻ വന്നവരെത്ര? എണ്ണം പറയാൻ മൂന്നാംകണ്ണ്; നിരീക്ഷിക്കാൻ എൻജിനീയർമാരായ ഏഴ് പൊലീസുകാർ
text_fieldsകലോത്സവ നഗരിയിലെ കാമറ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്ത് ബിഗ് സ്ക്രീനിൽ ദൃശ്യങ്ങൾ വീക്ഷിക്കുന്ന മന്ത്രി വി. ശിവൻകുട്ടി
തൃശൂർ: മത്സരാർഥികളും കാണികളും സംഘാടകരുമായി പതിനായിരങ്ങൾ ഇരമ്പിയെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് മൂന്നാംകണ്ണായി കാവലിരിക്കുന്നത് നൂറുകണക്കിന് കാമറകൾ. ഫാബുലസ് ടെക്നോളജീസ് ഒരുക്കിയ ഈ സുരക്ഷാവലയം ഇടതടവില്ലാതെ നിരീക്ഷിച്ച് നിയന്ത്രിക്കുന്നത് കേരള പൊലീസിലെ ബി.ടെക് ബിരുദധാരികളായ ഏഴ് പൊലീസുകാർ.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക് 12 ആം തവണയാണ് പാലക്കാട്ടെ ഫാബുലസ് ടെക്നോളജീസ് സുരക്ഷയൊരുക്കുന്നത്. 2012 മുതൽ ഫാബുലസ്സിന്റെ കാമറകളാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. 220 ഓളം കാമറകൾ ഇവർ സജ്ജമാക്കിയിട്ടുണ്ട്.
സൈബർ സെൽ എസ്.ഐ ടി.ഡി. ഫീസ്റ്റോയാണ് പൊലീസുകാർക്ക് നേതൃത്വം നൽകുന്നത്. എം.ആർ. രനീഷ്, സാംസൺ സി.വി, ജിതിൻ രാജ്, അഭി ഭിലായി പി.എം, ജയപ്രകാശ്, അഖിൽ രാജ് എന്നിവരാണ് സംഘത്തിലുള്ളത്.
കലോത്സവ നഗരിയിലെ 25 വേദികൾക്കും പുറമെ, ഊട്ടുപുര, റോഡ്, സ്വാഗതസംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലെല്ലാം കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കലോത്സവ നഗരിയിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ്സ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷക്കായി ഏറ്റവും മികച്ചതും ന്യൂതനവുമായ സാങ്കേതിക സംവിധാനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഫാബുലസ്സ് ടെക്നോളജീസ് എം.ഡി റഷാദ് പുതുനഗരം അറിയിച്ചു.
കലോത്സവ നഗരിയിലെ കാമറ കൺട്രോൾ റൂമിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ ദൃശ്യങ്ങൾ വീക്ഷിക്കുന്ന പൊലീസുകാർ
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ സ്ഥിതി ചെയ്യുന്ന ഫാബുലസ്സ് ടെക്നോളജീസ് സ്കൂൾ കലോത്സവത്തിന് പുറമെ, സംസ്ഥന സ്കൂൾ കായിക മേള, പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, നാഷണൽ ഗെയിംസ്, നാഷണൽ സയൻസ് ഫെയർ തുടങ്ങി സംസ്ഥാനത്ത് ഉടനീളമുള്ള പരിപടികൾക്ക് സുരക്ഷാ കാമറകൾ ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ തൃശൂർ നഗരത്തിൽ പൊലീസുമായി സഹകരിച്ച് തേഡ് ഐ ടെക്നോളജിയുടെ മുന്നൂറിലേറെ കാമറകളും മിഴി തുറന്നിരിപ്പുണ്ട്. ഇവയും കലോത്സവ നഗരിയിലെ പൊലീസ് കാമറ കൺട്രോൾ റൂമിൽ നിരീക്ഷിക്കാൻ കഴിയും. ഇതിനായി വിശാലമായ സ്ക്രീൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാണാതായ ബാഗുകളും ആഭരണങ്ങളും കേൾവി ഉപകരണവും മറ്റും കാമറ സഹായത്തോടെ കണ്ടെത്തി ഉടമൾക്ക് കൈമാറിയതായി പൊലീസുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

