ഓറഞ്ചുമായി മന്ത്രിയെത്തി, ചൂരൽമലയുടെ ഉണ്ണിമാഷ്ക്കും കുട്ട്യോൾക്കും മധുരം നൽകാൻ
text_fieldsമന്ത്രി കെ. രാജൻ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് വഞ്ചിപ്പാട്ട് സംഘത്തിനൊപ്പം
തൃശൂർ: വെള്ളർമലയിലെ ഉണ്ണിമാഷെയും കുട്ടികളെയും മയാളിക്ക് മറക്കാനാവില്ല. ഉരുൾ ദുരന്തം അടർത്തിയെടുത്ത ചൂരൽമലയുടെ താഴ്വാരത്ത്, താൻ പഠിപ്പിക്കുന്ന മക്കളെ ഓർത്ത് വിലപിച്ച ഉണ്ണി മാസ്റ്റർ. പിന്നീട് ഫിനിക്സ് പക്ഷിയെ പോലെ വെള്ളർമല സ്കൂളിനും കുട്ടികൾക്കും ഉയിർത്തെഴുന്നേൽക്കാൻ കരുതലായി നിന്ന അനേകരിൽ ഒരാൾ.
ഇന്ന് മാഷെയും കുട്ടികളെയും തേടി കലോത്സവമുറ്റത്ത് രണ്ടാം നമ്പർ സ്റ്റേറ്റ് കാർ ഇരമ്പി നിന്നു. വഞ്ചിപ്പാട്ടിൻ്റെ ആവേശത്തിൽ നിറചിരിയിൽ നിൽക്കുകയായിരുന്ന സ്കൂളിലെ മിടുക്കികളുടെ കണ്ണുകൾ തിളങ്ങി. തൊട്ടു പിറകെ പുറത്തിറങ്ങിയ മന്ത്രി കെ. രാജൻ്റെ കൈകളിൽ അവർക്കായി ഓറഞ്ച് മധുരത്തിൻ്റെ കരുതൽ.
കുരിയിച്ചിറ എം.ടി എച്ച്.എസ്.എസിലെ പത്താം നമ്പർ വേദിയിലാണ് വയനാട് ഉരുൾ ദുരന്തത്തിലെ അതിജീവിതരായ വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ മിടുക്കരെ കാണാൻ മന്ത്രി ഓടിയെത്തിയത്. എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ടിൽ വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുന്നു എന്ന് അറിഞ്ഞായിരുന്നു വരവ്.
‘ചൂരൽ മലയും അവിടുത്തെ സ്കൂളും ഒന്നും ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. അവർക്കൊപ്പം ആണ് ഞങ്ങൾ എല്ലാവരും. തിരുവനന്തപുരത്ത് കലോത്സവം നടന്നപ്പോൾ ഏറ്റവും ആകർഷകമായത് ഞങ്ങളുടെ കുട്ടികളുടെ നൃത്തമായിരുന്നു. ഞാൻ തൃശൂർക്കാരനാണെങ്കിലും ഞങ്ങളുടെ കുട്ടികൾ എന്ന് വെള്ളാർമലയിലെ കുട്ടികളെ വിശേഷിപ്പിക്കുന്നത് അവരുമായി അത്രയും ചേർന്ന് നിന്നതിനാൽ ആണ്.
കുട്ടികളുടെ കോൺസെൻട്രേഷൻ കളയരുത് എന്ന് കരുതിയാണ് അവരുടെ പരിപാടി കഴിഞ്ഞിട്ട് കാണാൻ വന്നത്. രാവിലെ വഴിയിൽ വെച്ച് കണ്ടപ്പോൾ പരിപാടി കഴിഞ്ഞിട്ട് കാണാമെന്ന് കരുതി. ഇവർ കേരളത്തിന് തന്നെ മാതൃകയാണ്. ദുരിതത്തിന്റെയും പ്രയാസത്തിന്റെയും കണ്ണീരിന്റെയും നടുവിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ നമ്മുടെ കുട്ടികൾ ഉയർന്നു വരുന്നത് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് നൽകുന്നത്.
അവരെ ഇവിടെ വീണ്ടും കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. ഇപ്പോൾ മേപ്പാടിയിൽ മാറി പഠിക്കുന്ന കുട്ടികൾക്കായി പുതിയ സ്കൂൾ വരും. വെള്ളാർമല സ്കൂൾ ഉണ്ടായിരുന്നത് കൊണ്ടാണ് ചൂരൽമല നഗരം പൂർണ്ണമായും ഒലിച്ചു പോകാതെ രക്ഷപ്പെട്ടത്. പുതിയ സ്കൂളിൽ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കുന്നത് അവസാന ഘട്ടത്തിലാണ്. അധികം വൈകാതെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ -മന്ത്രി പറഞ്ഞു.
കുട്ടികൾക്കൊപ്പം ‘വെള്ളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കുടമുണ്ടേ‘ എന്ന പാട്ടും പാടി, വിശേഷങ്ങളും പങ്കുവച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ചിത്രം: മന്ത്രി കെ. രാജൻ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് വഞ്ചിപ്പാട്ട് സംഘത്തിനൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

