'വിവാദം വേണ്ട, ആ പ്രസ്താവന പിൻവലിക്കുന്നു; ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല'
text_fieldsതിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് നടിയെ ക്ഷണിച്ചപ്പോൾ പ്രതിഫലം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസത്തെ തന്‍റെ പ്രസ്താവന ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല -മന്ത്രി പറഞ്ഞു.
'കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശാ ശരത്, നിഖിലാ വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തിൽ കെ.എസ്. ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്. കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങൾ. ആയതുകൊണ്ട് ആ പരമാർശങ്ങൾ പിൻവലിക്കുകയാണ്' -മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ നൃത്താവതരണത്തിന് പ്രമുഖ നടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. വെഞ്ഞാറമൂട് നടന്ന സാംസ്കാരിക പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി നടിയുടെ പേര് പരാമർശിക്കാതെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

