കലാനഗരിയായി കൊല്ലം, വർണാഭം വേദികൾ; പോയിന്‍റ് പട്ടികയിൽ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം
text_fieldsഎച്ച്.എസ്.എസ് മാർഗം കളി മത്സരത്തിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ടീം (ഫോട്ടോ: ദിലീപ് പുരക്കൽ)
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം മത്സരങ്ങൾ പുരോഗമിക്കവേ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം. 157 വീതം പോയിന്‍റ് നേടിയാണ് തൃശൂരും നിലവിലെ ജേതാക്കളായ കോഴിക്കോടും മുന്നിലുള്ളത്. 152 പോയിന്‍റുമായി കണ്ണൂരാണ് മൂന്നാമത്.
149 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുണ്ട്. പാലക്കാട് 146, മലപ്പുറം 145, എറണാകുളം 141, കാസർകോട് 139, ആലപ്പുഴ 137, തിരുവനന്തപുരം 133, കോട്ടയം 132, വയനാട് 132, പത്തനംതിട്ട 118, ഇടുക്കി 113 എന്നിങ്ങനെയാണ് രാത്രി 10 മണിക്കുള്ള പോയിന്‍റ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. ഹയർസെക്കൻഡറിയിൽ 68 പോയിന്‍റുമായി തൃശൂരാണ് മുന്നിൽ.
24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

