കഡസ്ട്രൽ ഭൂപടം ആശങ്കകൾ പരിഹരിച്ചതെന്ന് സർക്കാർ; ഹർത്താലുമായി മുന്നോട്ടെന്ന് സി.പി.എം
text_fieldsതൊടുപുഴ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പ് തയാറാക്കിയ കഡസ്ട്രൽ ഭൂപടം ആശങ്കകൾ പൂർണമായും പരിഹരിച്ചുള്ളതാണെന്ന് സർക്കാർ വാദം. കഡസ്ട്രൽ ഭൂപടത്തിൽ സി.എച്ച്. ആറിൽ (കാർഡമം ഹിൽ റിസർവ്) ഉൾപ്പെടുന്ന വില്ലേജുകൾ ഇ.എസ്.എയിലല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത വനങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവ ഇ.എസ്.എയിൽ ഉൾപ്പെടുന്നു. ഒരു വില്ലേജിൽ ഏതെങ്കിലും ഒരു സ്ഥലം ഇ.എസ്.എയിൽ ഉൾപ്പെട്ടതിന്റെ പേരിൽ ആ വില്ലേജ് പൂർണമായും ഇ.എസ്.എയിലാക്കിയില്ല. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഇ.എസ്.എയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി ജില്ലയിലെ 51 വില്ലേജുകളിൽ 23 വില്ലേജുകളെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പുതിയ ശിപാർശയിലുള്ളത്. സി.എച്ച്.ആറിനെ ഇ.എസ്.എയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ നിർദേശം. സംസ്ഥാന സർക്കാറിന്റെ ശിപാർശ കേന്ദ്രം നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയും പരിസ്ഥിതി മന്ത്രാലയവും അംഗീകരിച്ചാൽ ഇ.എസ്.എയുമായി ബന്ധപ്പെട്ട ആശങ്കകൾക്കും പരിഹാരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, മൂന്നാർ ഗ്യാപ് റോഡ് ഇ.എസ്.എയിൽ ഉൾപ്പെട്ടെന്ന വിമർശനമുണ്ട്.
കരട് വിജ്ഞാപനങ്ങളിൽ അതീവ പരിസ്ഥിതി ലോല മേഖലയിൽ മാത്രമാണ് കർശന നിയന്ത്രണങ്ങളുള്ളത്. അന്തിമ വിജ്ഞാപനമിറങ്ങുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൂമിശാസ്ത്ര വിശകലനം, കഡസ്ട്രിയൽ പരിശോധന, ജില്ലതല പരിശോധന, പ്രാദേശികതല പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇ.എസ്.എ അതിർത്തി നിർണയിച്ചത്. സംസ്ഥാനം കേന്ദ്രത്തിന് നൽകിയ കഡസ്ട്രൽ ഭൂപടം പൊതു ജനങ്ങൾക്ക് കൂടി പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് പ്രസിദ്ധീകരിച്ചത്. ഗൂഗിൾ മാപ്പിലേത് പോലെ സ്ഥലങ്ങളുടെ അതിരുകൾ, പുഴ, തോട്, റോഡ് തുടങ്ങി എല്ലാ വിവരങ്ങളും കഡസ്ട്രൽ ഭൂപടത്തിലുമുണ്ട്.
എന്നാൽ, ഭൂപടം ആശങ്കയുണ്ടാക്കുന്നതാണെന്നും വില്ലേജുകളിലെ ഏതൊക്കെ പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടെന്ന് കൃത്യമായി ചൂണ്ടിക്കാട്ടുന്നില്ലെന്നും സി.പി.എം വിമർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പുറത്തുവരും. അതിനാൽ ഇടുക്കിയിൽ ഭൂവിഷയങ്ങൾക്കൊപ്പം ഇ.എസ്.എയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുയത്തി 16ന് പ്രഖ്യാപിച്ച ഹർത്താലിൽനിന്ന് പിന്നോട്ടില്ലെന്ന് ജില്ല സെക്രട്ടറി സി.വി. വർഗീസ് വ്യക്തമാക്കി. കഡസ്ട്രൽ ഭൂപടത്തിൽ ചില വില്ലേജുകൾ പരിശോധിച്ചപ്പോൾ ആശങ്കക്കിടയാക്കുന്ന സാഹചര്യമുണ്ടെന്ന് അതിജീവന പോരാട്ട വേദിയും പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

