Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ധവിശ്വാസ ചൂഷണ...

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം: സർക്കാർ പിൻമാറിയതിനെതി​രെ ശാസ്ത്ര സാഹിത്യ പരിഷത്ത്; ‘പിന്തിരിയാനുള്ള കാരണം വെളിപ്പെടുത്തണം, സർക്കാർ സമീപനം തട്ടിപ്പുകാർക്കും പ്രതിലോമരാഷ്ട്രീയം വളര്‍ത്തുന്ന ശക്തികള്‍ക്കും സഹായകമാകും’

text_fields
bookmark_border
അന്ധവിശ്വാസ ചൂഷണ നിരോധന നിയമം: സർക്കാർ പിൻമാറിയതിനെതി​രെ ശാസ്ത്ര സാഹിത്യ പരിഷത്ത്; ‘പിന്തിരിയാനുള്ള കാരണം വെളിപ്പെടുത്തണം, സർക്കാർ സമീപനം തട്ടിപ്പുകാർക്കും പ്രതിലോമരാഷ്ട്രീയം വളര്‍ത്തുന്ന ശക്തികള്‍ക്കും സഹായകമാകും’
cancel

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണ നിരോധനനിയമം പാസ്സാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സര്‍ക്കാരിന്റെ പിന്മാറ്റം ആശങ്കക്ക് ഇടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് പരിഷത് ജനറല്‍സെക്രട്ടറി പി.വി.ദിവാകരനും പ്രസിഡന്റ് ടി.കെ. മീരാഭായിയും പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ അന്ധവിശ്വാസചൂഷണങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തിയത് ഇവർ ചൂണ്ടിക്കാട്ടി.

‘അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധതരം ചൂഷണങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് അവയെ ചെറുക്കുന്നതിനുള്ള ഒരു നിയമത്തിന്റെ ആവശ്യകത കേരളസമൂഹം ഉയര്‍ത്തിയത്. എന്നാല്‍ ഒരു ദശകമായി ആ നിയമം നിര്‍മിക്കണമെന്ന ആവശ്യത്തിന് വേണ്ടതായ നടപടികള്‍ വിവിധ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു ദശകത്തിനുശേഷം ഇപ്പോഴാകട്ടെ, സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറിയിരിക്കുന്നു എന്നതാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം വെളിവാക്കുന്നത്.

സര്‍ക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ അന്ധവിശ്വാസചൂഷണങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തിയിട്ടുള്ളതും ഈ അവസരത്തില്‍ ശ്രദ്ധയില്‍ പെടുത്തട്ടെ. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അടിസ്ഥാനമാക്കി നവോത്ഥാനകാലം മുതല്‍ ഉണ്ടായ സാമൂഹികമായ ഇടപെടലുകളാണ് ആധുനികകേരളത്തെ സൃഷ്ടിച്ചതും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കേരളത്തെ ജീവിതഗുണതയില്‍ മുന്നിലെത്തിച്ചതും. ഇതില്‍ പുരോഗമന സാമൂഹ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ പ്രധാനമാണ്.

എന്നാല്‍, സമീപകാലത്ത് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ജനങ്ങള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഈ വസ്തുതയ്ക്ക് ഉപോദ്ബലകമായി നിരവധി തട്ടിപ്പു കളും കൊലപാതകങ്ങളും മറ്റുതരത്തിലുള്ള ക്രിമിനല്‍ നടപടികളും തുടര്‍ച്ചയായി വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളുടെ മറവിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നേരിടാന്‍ ശക്തമായ നിയമം വേണമെന്നത് പൊതുസമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന ശക്തമായ ആവശ്യമാണ്.

അന്ധവിശ്വാസചൂഷണത്തിന് എതിരെ പ്രവര്‍ത്തിച്ച ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വ ത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധവിശ്വാസചൂഷണത്തിനെതിരെ ഒരു ബില്ലു കൊണ്ടുവരുന്നതിനുള്ള കരട് 2014ല്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എത്രയും വേഗം ആ ബില്ല് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും എന്ന് കേരള ജനതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനുവേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത് മാതൃകാബില്ലും സമര്‍പ്പിച്ചിരുന്നു. കൂടാതെ കേരള യുക്തിവാദിസംഘവും സര്‍ക്കാരിനു മുമ്പാകെ കരട് ബില്ല് നല്‍കിയിരുന്നു. പിന്നീട് ചില എംഎല്‍ എമാര്‍ പ്രൈവറ്റ് ബില്ലായി ഈ വിഷയം അവതരിപ്പിക്കുകയുണ്ടായി.

തുടര്‍ന്ന്, ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധ വിശ്വാസ ചൂഷണ നിരോധനനിയമം ഉടന്‍ പാസ്സാക്കുന്നതിന് വേണ്ടിയുള്ള നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിരുന്നു. തുടര്‍ന്നുള്ള കാലയളവില്‍ നിരവധി പ്രമേയങ്ങളിലൂടെ ഈ വിഷയം പരിഷത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി യിട്ടുണ്ട്. ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്‌കാര കമ്മീഷന്‍ ഈ നിയമത്തിന്റെ പ്രാധാന്യം നല്ലപോലെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമനിര്‍മാണത്തില്‍നിന്നും പിന്‍വാങ്ങിയതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ തീരു മാനത്തിന്റെ കാരണം ജനങ്ങളുടെ മുമ്പില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതാണ്.

അന്ധവിശ്വാസങ്ങളെയും അതിന്റെ പേരിലുള്ള ചൂഷണത്തെയും നിയമപരമായി മാത്രം തടയാനാവില്ല. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയാന്‍, സമൂഹത്തിന്റെ വിവിധ തലത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് ശക്തിപ്പെടുത്തും എന്നുറപ്പാണ്.

കരട് ബില്ല് ജനകീയചര്‍ച്ചകളിലൂടെ കുറ്റമറ്റതും ആവശ്യാധിഷ്ഠിതവും ആക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. അതിനാവശ്യമായ പൊതുചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുതിരുകയാണ് വേണ്ടത്. പക്ഷെ, പിന്തിരിയുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഈ സമീപനം അന്ധവിശ്വാസത്തട്ടി പ്പുകള്‍ നടത്തുന്നവര്‍ക്കും അവയിലൂടെ സവിശേഷമായ പ്രതിലോമരാഷ്ട്രീയം വളര്‍ത്തുവാന്‍ യത്‌നിക്കുന്ന ശക്തികള്‍ക്കും സഹായകമായി ഭവിക്കും.

അതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ് കരട് ബില്ല് കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ല് കൂടുതല്‍ മെച്ചപ്പെടുത്തി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sasthra Sahithya ParishadParishadldf govtanti superstition act
News Summary - Kerala Sasthra Sahithya Parishath against ldf govt Anti-Superstition and Black Magic Act
Next Story