കിട്ടാനുള്ള കാൽ കോടി സാഹിത്യ അക്കാദമി എഴുതി തള്ളുന്നു
text_fieldsതൃശൂർ: കരാറിലേർപ്പെടാതെ കേരള സാഹിത്യ അക്കാദമി സ്വകാര്യപ്രസാധകർക്ക് വിൽക്കാൻ പുസ്തകം നൽകിയ വകയിൽ കിട്ടാക്കടമായി കിടക്കുന്ന കാൽ കോടിയിലധികം രൂപ എഴുതി തള്ളാൻ നീക്കം. വർഷങ്ങൾ പിന്നിട്ടിട്ടും കുടിശ്ശിക പിരിച്ചെടുക്കാതിരിക്കുകയും ഓഡിറ്റ് വിമർശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് അക്കാദമിയുടെ നീക്കം.
കുടിശ്ശികകൾ പിരിച്ചെടുക്കണമെന്നാണ് ഓഡിറ്റ് നിർദേശമെന്നിരിക്കെ ചില പ്രസാധകരുടെ കിട്ടാക്കടം എഴുതി തള്ളിയതുപോലെയാണ് അക്കാദമി കണക്ക് വെച്ചിരിക്കുന്നത്. ഇത് രേഖയാക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതത്രെ.
ഡി.സി ബുക്സ്, മാലുബൻ ബുക്സ്, ചിന്ത പബ്ലിഷേഴ്സ്, പത്തനംതിട്ട പുസ്തക ശാല, കാവ്യ ബുക്സ്, ബുക്ക് പോയിൻറ്, സൈൻ ബുക്സ്, പ്രണത ബുക്സ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, എച്ച് ആൻഡ് സി, ബുക്ക് മാർക്ക് തുടങ്ങിയ പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ വിൽപനക്ക് നൽകിയ വകയിൽ 25,44,933 രൂപ കിട്ടാനുള്ളത്. അക്കാദമിയുടെ വ്യവസ്ഥയനുസരിച്ച് 25,000 രൂപയിൽ കൂടുതൽ പുസ്തകങ്ങൾ നൽകാൻ പാടില്ല. വിലയുടെ 20 ശതമാനം സെക്യൂരിറ്റി ആയി വാങ്ങുകയും വേണം.
എന്നാൽ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് മാത്രമല്ല, വർഷങ്ങളായിട്ടും കുടിശ്ശിക തീർക്കാതെ തുടരുകയാണ്. ഡി.സി ബുക്സ് മാത്രം നൽകാനുള്ളത് 2.21 ലക്ഷമാണ്. ബുക്ക് മാർക്ക് 1.79 ലക്ഷം, എസ്.പി.സി.എസ് 1.30 ലക്ഷം, മാലുബൻ 96,087, ചിന്ത പബ്ലിഷേഴ്സ് 74,754 രൂപ വീതമാണ് നൽകാനുള്ളത്. അക്കാദമിയുടെ പുസ്തകശേഖരത്തെ കുറിച്ച് കണക്കില്ലായ്മ നേരത്തെ തന്നെ ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
