മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽനിന്ന് കേരള പ്രധിനിധിയെ ഒഴിവാക്കി; തീരുമാനം ഏകപക്ഷീയമെന്ന് മന്ത്രി മോൻസ്
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനക്കുള്ള വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായി നീക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള തുടർനടപടികളനുസരിച്ചുണ്ടാക്കിയ സമിതിയിൽനിന്നാണ് കേരളപ്രതിനിധി ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ) നീക്കിയത്. കേന്ദ്ര ജലകമീഷൻ മുൻ ചീഫ് എൻജിനീയറാണ് ശിവരാജൻ. ഇദ്ദേഹത്തിനുപകരം ഐ.ഐ.ടി റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16-ന് പുതിയ ഉത്തരവിറക്കി. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ, ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ല.
വിദഗ്‌ധസമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപറേഷൻ മുൻ സി.എം.ഡി. ബൽരാജ് ജോഷിയാണ് ചെയർമാൻ.
2022-ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതിയാണ് സമഗ്ര സുരക്ഷാപരിശോധനക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ട് വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്‌ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ഇതിലേക്കാണ് കേരളം ടി.കെ. ശിവരാജനെ നിർദേശിച്ചത്. ജനുവരി ആറിനിറക്കിയ ഉത്തരവിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു.
തീരുമാനം ഏകപക്ഷീയം -മന്ത്രി മോൻസ്
കോട്ടയം: മുല്ലപ്പെരിയാർ നിരീക്ഷണ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയായ ടി.കെ ശിവരാജനെ ഒഴിവാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്ന് ജല വിഭവ മന്ത്രി മോൻസ് ജോസഫ്. കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അകാരണമായാണ് ശിവരാജനെ മാറ്റിയത്. കേരളവുമായി ആലോചിച്ചിട്ടല്ല നടപടി. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഏകപക്ഷീയ നടപടി പിൻവലിക്കണം. കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്ത് വന്നെന്നും, ഇത് അംഗീകരിക്കില്ലെന്നും അറിയിച്ച് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയമാണ് ഉണ്ടാവേണ്ടത്. കേരള ജനതയുടെ സുരക്ഷയാണ് പ്രധാനം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്. തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

