ചോര കൊണ്ട് റീലെടുക്കുന്ന കേരളത്തിലെ വിദ്യാലയങ്ങളിലൂടെ….
text_fieldsഉൽസവ ദിവസങ്ങളിലെ നിറ വസ്ത്രങ്ങളുടെ ആഘോഷ വിഷ്വലുകളിൽ നിന്നും ഡപ്പാംകൂത്തിൽ നിന്നും എത്ര പെട്ടെന്നാണ് നമ്മുടെ സ്കൂൾ മുറ്റങ്ങളും കലാലയ കാമ്പസുകളും വയലൻസിന്റെ കണ്ടന്റുകൾ തേടിപ്പാഞ്ഞു തുടങ്ങിയത്. ഓടിച്ചിട്ട് അടിക്കുന്നതും തലയടിച്ചു പൊട്ടിക്കുന്നതും പേടിച്ചോടുന്നതുമെല്ലാം വൈറലാകുമെന്നുറപ്പുള്ള സോഷ്യൽ മീഡിയ കണ്ടന്റുകളാണിന്ന്. ഇൻസ്റ്റയിലെയും വാട്സാപ്പിലെയും കൊലവിളികളും ആവേശത്തിന് തിരി കൊളുത്തും. ഒരു വിദ്യാലയത്തിന്റെയോ ഒരു ബാച്ചിന്റെയോ പോസ്റ്റിനു താഴെ എതിർ കമന്റിട്ടാൽ പിന്നെ വയലൻസിനുള്ള കാഹളമായി, ചോര ചിന്തലായി. ചോര കൊണ്ട് റീലെടുക്കുന്ന കേരളത്തിലെ വിദ്യാലയങ്ങളിലൂടെ....
പാലക്കാട്
സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിയുടെ മൂക്ക് തകർന്നു
ഒറ്റപ്പാലം: സ്വകാര്യ ഐ.ടി.ഐയിലെ ക്ലാസ് മുറിയിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. ഷൊർണൂർ സ്വദേശി സാജനാണ് (20) പരിക്കേറ്റത്. മൂക്കിന്റെ പാലം തകരുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ സഹപാഠി പാലപ്പുറം സ്വദേശി കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
സഹപാഠിയുടെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സാജൻ
ഫെബ്രുവരി 19ന് ക്ലാസിലെത്തിയ സാജനെ കിഷോർ പിറകിലൂടെ വന്ന് കഴുത്ത് ഞെരിക്കുകയും സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മർദിക്കുകയുമായിരുന്നെന്ന് സാജന്റെ പിതാവ് ജയചന്ദ്രൻ ആരോപിച്ചു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും ജയചന്ദ്രൻ പറഞ്ഞു.
സാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. സാജൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വയനാട്
കുത്തിപ്പരിക്കേൽപിക്കാൻ കത്രിക
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നിത്യസംഭവമാണ്. കോളജുകളിൽ സംഘടനകളുടെ ലേബലിൽ സംഘർഷം നടക്കുമ്പോൾ സ്കൂളുകളിൽ ക്ലാസിന്റെയോ ഡിപ്പാർട്ടുമെന്റുതലത്തിലോ ആകുമെന്ന് മാത്രം.
വെള്ളമുണ്ട മോഡൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നിത്യസംഭവമായതോടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കേണ്ടിവന്നു. രണ്ടുമാസം മുമ്പ് വിദ്യാർഥികൾ ടൗണിൽ ഏറ്റുമുട്ടിയപ്പോൾ പൊലീസും നാട്ടുകാരും കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരുമൊക്കെ ചേർന്നാണ് ഇവരെ ഓടിച്ചത്. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ശക്തമായ നടപടി സ്വീകരിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാസങ്ങൾക്ക് മുമ്പ് പത്താം ക്ലാസ് വിദ്യാർഥിയെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപിച്ച സംഭവമുണ്ടായി.
കഴിഞ്ഞ ദിവസം കൽപറ്റ എൻ.എസ്.എസ് സ്കൂളിൽ സെന്റ് ഓഫ് പാർട്ടി കഴിഞ്ഞ് വിദ്യാർഥികൾ ഗ്രൗണ്ടിൽ കാറുകൊണ്ട് നടത്തിയ അഭ്യാസ പ്രകടനത്തിനിടെ ഒരു അധ്യാപകൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കണ്ണൂർ
സ്കൂൾ പൊളിക്കലും തല്ലുമാലയും
കണ്ണൂർ: വിദ്യാർഥികൾ നശിപ്പിക്കുന്ന പൊതുമുതലിന്റെ നഷ്ടപരിഹാരം രക്ഷിതാക്കളിൽനിന്ന് ഈടാക്കാൻ കണ്ണൂർ ജില്ല പഞ്ചായത്ത് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ആധുനിക ഉപകരണങ്ങളും ക്ലാസ് മുറികളും നശിപ്പിച്ച് സ്കൂൾ തല്ലിപ്പൊളിക്കൽ വിദ്യാർഥികൾ തുടർന്നതോടെയാണ് നടപടി.
ക്ലാസ് മുറികളും സ്കൂൾ കെട്ടിടവും പൊളിക്കലും ഉപകരണങ്ങൾ നശിപ്പിക്കലും വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷവും കണ്ണൂരിൽ പതിവാണ്. വളപട്ടണം സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ മാതൃകാപരീക്ഷക്കുശേഷം സ്കൂളിലെ സാമഗ്രികളും ഫർണിച്ചറും കഴിഞ്ഞദിവസം അടിച്ചുതകർത്തു. ശുചിമുറിയിലെ ക്ലോസെറ്റ്, ടൈൽസ്, ഫർണിച്ചറുകൾ, പ്രൊജക്ടർ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ തകർത്ത് 75,000 രൂപയുടെ നാശനഷ്ടമുണ്ടാക്കി. ജില്ല പഞ്ചായത്ത് തീരുമാനമനുസരിച്ച് ആറ് കുട്ടികളിൽനിന്നായി 6000 രൂപ വീതം പിഴയീടാക്കി. ബാക്കിയുള്ളവരിൽനിന്നും പണം ഈടാക്കും.
വളപട്ടണം സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിൽ വിദ്യാർഥികൾ അടിച്ചുതകർത്ത പ്രൊജക്ടർ
അക്രമം നടത്തിയ കുട്ടികളുടെ രക്ഷിതാക്കളെ പി.ടി.എ നേതൃത്വത്തിൽ വിളിച്ചുവരുത്തിയിരുന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. * പാനൂർ, തലശ്ശേരി ഭാഗങ്ങളിൽ ചേരിതിരിഞ്ഞ് സംഘർഷം പതിവാണ്. പാനൂർ ബസ് സ്റ്റാൻഡിൽ കുട്ടികളുടെ തല്ലുമാല കാരണം നാട്ടുകാരും വ്യാപാരികളും പൊലീസും പൊറുതിമുട്ടിയിരിക്കുകയാണ്. മൂന്നും നാലും പേർ തുടങ്ങുന്ന തല്ല് വ്യാപാരികളും ഡ്രൈവർമാരും പിടിച്ചുമാറ്റി പരിഹരിച്ചാലും പിറ്റേദിവസം കുട്ടികൾ ചേരിതിരിഞ്ഞ് സംഘടിച്ചെത്തി വൻ സംഘർഷമായി മാറും. സംഭവത്തിൽ കേസെടുത്തിട്ടും തല്ലുമാലക്ക് മാറ്റമൊന്നുമില്ല.
കഴിഞ്ഞദിവസം ചാലയിലെ ഒരു സ്കൂളിൽ കുട്ടികൾ കാറുമായെത്തി സാഹസിക പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് പൊലീസെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
എറണാകുളം
പ്രാകൃത മർദനങ്ങൾക്ക് റാഗിങ്ങെന്ന് പേര്
ജനുവരി 15നാണ് എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് (15) തൃപ്പൂണിത്തുറയിലെ ചോയ്സ് പാരഡൈസ് ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് ചാടി മരിച്ചത്. സഹപാഠികളിൽനിന്ന് നേരിട്ട ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളാണ് മിഹിർ ജീവനൊടുക്കാൻ കാരണമെന്ന് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും നൽകിയ പരാതിയിൽ പറയുന്നു.
മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ച സഹപാഠികൾ ക്ലോസറ്റ് നക്കിക്കുകയും മുഖം താഴ്ത്തിവെച്ച് ഫ്ലഷ് ചെയ്യുകയുമുണ്ടായി. നിറത്തിന്റെ പേരിലും കുട്ടി അധിക്ഷേപം നേരിട്ടു.
മകന്റെ മരണശേഷം സുഹൃത്തുക്കളിൽനിന്ന് ലഭിച്ച സമൂഹ മാധ്യമ ചാറ്റുകളിൽനിന്നാണ് മകൻ നേരിട്ട ക്രൂരമായ റാഗിങ്ങിന്റെ വിവരങ്ങൾ വീട്ടുകാർ അറിയുന്നത്. മിഹിർ ജീവനൊടുക്കിയതിനെക്കുറിച്ച് സഹപാഠികൾ അധിക്ഷേപകരമായി സംസാരിക്കുന്ന ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം തുടരുകയാണ്.
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഫെബ്രുവരി മൂന്നിന് നായ്ക്കരുണപ്പൊടി വിതറിയതിനെത്തുടർന്ന് കടുത്ത ശാരീരിക-മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ പെൺകുട്ടി. സംഭവത്തിൽ പൊലീസും സ്കൂൾ അധികൃതരും നടപടിയെടുക്കുന്നില്ലെന്ന് അമ്മ പരാതിപ്പെടുകയും നിലവിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടക്കുകയുമാണ്.
ഒന്നര വർഷം മുമ്പാണ് മുടി വളർത്തിയതിനെച്ചൊല്ലി എറണാകുളം നായരമ്പലത്ത് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തത്. നെഞ്ചിലും മുഖത്തും തലയിലും മാരകമായി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിലുള്ളത്.
കഴിഞ്ഞമാസം 18ന് പിറവം പെരുവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ-രണ്ടാം വർഷ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ആലപ്പുഴ
ചൂണ്ടുന്നത് തോക്കാണ്
ആലപ്പുഴ: ജില്ലയിലും വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള ആക്രമണത്തിന് കുറവില്ല. പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മർദിച്ചതടക്കമുള്ള നിരവധി സംഭവങ്ങൾ അരങ്ങേറിയത് ആലപ്പുഴയിലാണ്. 2024 ആഗസ്റ്റിൽ ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലായിരുന്നു തോക്കുചൂണ്ടിയുള്ള ആക്രമണം. പ്ലസ് വൺ വിദ്യാർഥികളായ മൂവർസംഘം സ്കൂൾ വിട്ടശേഷം ബസ്സ്റ്റോപ്പിലേക്ക് നടന്നുപോയ സഹപാഠിയെ പിടിച്ചുവലിച്ചായിരുന്നു ആക്രമണം.
പത്തൽവടികളുമായി കൂടെയുള്ള മറ്റ് കുട്ടികളെയും ആക്രമിച്ചു. തോക്കുമായി എത്തിയ വിദ്യാർഥി ഫോൺ വിളിച്ച് മറ്റ് രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടിയിരുന്നു. സ്കൂളിൽവെച്ചുണ്ടായ ചില തർക്കമായിരുന്നു വൈരാഗ്യത്തിന് കാരണം. ഈ കേസിൽ പ്രതിയായ ഒരു വിദ്യാർഥി രണ്ടാഴ്ച മുമ്പ് പോക്സോ കേസിൽ അകത്തായി. പഠനസഹായം അഭ്യർഥിച്ച് 16കാരിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
മാവേലിക്കരയിൽ പ്ലസ് ടു വിദ്യാർഥികൾ ബസ് കാത്തുനിന്ന പത്താം ക്ലാസുകാരായ മൂന്ന് വിദ്യാർഥികളെ മർദിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
സഹോദരങ്ങളടക്കമുള്ളവർക്കാണ് മർദനമേറ്റത്. ഫെബ്രുവരി 21നായിരുന്നു സംഭവം. സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ചേർത്തലയിൽ സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ബസ് സ്റ്റോപ്പിൽ നടത്തിയ കൂട്ടത്തല്ല് സമൂഹമാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു. പ്ലസ്വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥി കമന്റടിച്ചതായിരുന്നു പ്രശ്നം. ഏതാനും ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
കോട്ടയം
പിടിച്ചു മാറ്റിയാൽ നാട്ടുകാർക്കും തല്ല്
കോട്ടയത്തും വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം പതിവ്. പെരുവയിൽ രണ്ടാഴ്ചമുമ്പ് വിദ്യാർഥി സംഘർഷത്തിനിടെ നാട്ടുകാർക്ക് മർദനമേറ്റതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. പെരുവ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥികളും രണ്ടാം വർഷക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു നാട്ടുകാർക്കുനേരെയുള്ള കൈയേറ്റം.
പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ ഒന്നാം വർഷ വിദ്യാർഥികളായ മൂന്നുപേരെ രണ്ടാം വർഷക്കാർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷമായി മാറുകയും സ്കൂളിന് പുറത്തേക്ക് നീളുകയും ചെയ്തു. ഇതിനിടെയാണ് പിടിച്ചുമാറ്റാനെത്തിയ നാട്ടുകാർക്കും മർദനമേറ്റത്. പിന്നീട് അധ്യാപകരും പൊലീസും എത്തി ഏറെ പണിപ്പെട്ടാണ് ഇവരെ തുരത്തിയത്.
ജനുവരിയിൽ പാലായിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്ലാസ്മുറിയിൽ നഗ്നനാക്കുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ക്രൂരസംഭവവും അരങ്ങേറി. ‘പുഷ്പ’ എന്ന തമിഴ്സിനിമയിൽ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങൾ അനുകരിച്ചായിരുന്നു വിഡിയോ ചിത്രീകരണം.
പത്തനംതിട്ട
ക്യാമ്പായി കെ.എസ്.ആർ.ടി.സി സ്റ്റേഷൻ
- പത്തനംതിട്ടയിൽ കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ പരിസരവും പത്തനംതിട്ടയിലെ പുതിയ ബസ് സ്റ്റാന്റും വിദ്യാർഥി സംഘർഷത്തിന്റെ സ്ഥിരം വേദികളാണ്. ലഹരി ഉപയോഗിച്ച് കറങ്ങി നടക്കുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്.
- അടുത്തിടെ, ലഹരിക്കടിമയായ ഒരു പ്ലസ് വൺ വിദ്യാർഥി അക്രമം തടയാനെത്തിയ എസ്.ഐയെ എടുത്ത് നിലത്തടിച്ച സംഭവമുണ്ടായി.
- ഒരാഴ്ച മുമ്പ് സീതത്തോട് കെ.എ.പി.എം ഹൈസ്കൂളിനു മുമ്പിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് ഏറ്റുമുട്ടിയ സംഭവമുണ്ടായി.
തൃശൂർ
കടിച്ചു മുറിക്കാൻ ചെവിയും
കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സ്പോര്‍ട്സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം പ്ലസ്ടു വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയുടെ ചെവി കടിച്ചുമുറിക്കുന്നതിലാണ് കലാശിച്ചത്. ഫെബ്രുവരി 19ന് രാത്രി 12.30ഓടെയായിരുന്നു അതിക്രമം. സ്പോര്‍ട്സ് ഹോസ്റ്റലിലെ പ്ലസ്ടു വിഭാഗത്തിലെ ചില വിദ്യാര്‍ഥികള്‍ ഒരു ഭാഗത്തും ഹൈസ്കൂളിലെയും പ്ലസ് വണ്ണിലെയും വിദ്യാര്‍ഥികള്‍ മറുഭാഗത്തുമായി വാക്കേറ്റമുണ്ടാകുകയും വാര്ഡന്മാര് ഇടപെട്ട് ഇവരെ മുറികളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. രാത്രി ഇവർ വീണ്ടും പുറത്തിറങ്ങി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.
അക്രമത്തിൽ പ്ലസ്ടു വിദ്യാര്‍ഥിയുടെ ഇടതുചെവിക്കാണ് സാരമായി പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ചെവിയുടെ മുറിഞ്ഞ ഭാഗം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ശരിയാക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. രക്ഷിതാക്കളെ വിവരം അറിയിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ സഹോദരിയാണ് വന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, അധ്യാപകരുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായെന്നാണ് പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം.
കൊല്ലം
വീടു തകർത്ത് മടങ്ങിയ കുട്ടിക്കൂട്ടം
കൊല്ലം: ജില്ലയിൽ കഴിഞ്ഞമാസം മാത്രം മൂന്ന് സ്ഥലങ്ങളിൽ നാടിനെ ഭീതിപ്പെടുത്തുംവിധം സ്കൂൾ വിദ്യാർഥികൾ ഏറ്റുമുട്ടി. കടപ്പാക്കട ടി.കെ.ഡി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അമ്മച്ചിവീട് സ്വദേശിയായ വിദ്യാർഥിയും തമ്മിൽ റോഡിൽ സംഘർഷമുണ്ടായി.
അത് ചോദ്യംചെയ്യാൻ 20ഓളം വിദ്യാർഥികൾ അടുത്തദിവസം അമ്മച്ചിവീട് സ്വദേശിയുടെ വീട്ടിലെത്തി. വാക്കേറ്റത്തിനും കൈയാങ്കളിക്കുമൊടുവിൽ വിദ്യാർഥികൾ വീട് തകർത്തശേഷം സ്വകാര്യ ബസിൽ മടങ്ങി. ബസ് മറ്റൊരു ജങ്ഷനിലെത്തിയപ്പോൾ അമ്മച്ചിവീട് സ്വദേശി ചെറിയ മഴുവുമായി ബസിൽ കയറി വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ പിടിച്ചുവെച്ച് അക്രമിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച കടയ്ക്കൽ വയല വാസുദേവൻപിള്ള മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സംഘട്ടനമുണ്ടായി. രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് മർദനമേറ്റു.
കഴിഞ്ഞ 19ന് മൈനാഗപ്പള്ളി ഐ.സി.എസ് മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ മർദിച്ചെന്ന് പരാതിയുയർന്നിരുന്നു. കുട്ടിയുടെ തലയ്ക്കും കണ്ണുകൾക്കും ക്ഷതമേറ്റു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. തുടർനടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
മലപ്പുറം
കത്തിക്കുത്തും ക്വട്ടേഷനും;‘കുട്ടിത്തല്ല്’ പരിധിവിടുന്നു
മലപ്പുറം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വിദ്യാർഥികളുമായി ബന്ധപ്പെട്ട നിരവധി സംഘർഷങ്ങളാണ് ജില്ലയിൽ നടന്നത്. പ്ലസ് വൺ-പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ സംഘർഷങ്ങളാണ് കൂടുതലും. മൂന്നു മാസം മുമ്പ് മലപ്പുറം മേൽമുറിയിലെ എൻട്രൻസ് പരിശീലനകേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചതിൽ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു.
പെരിന്തൽമണ്ണ നെന്മിനി സ്വദേശിയായ 16കാരനായിരുന്നു പരിക്കേറ്റത്. അക്കാദമിയിലെ സ്റ്റഡി റൂമിലായിരുന്നു ആക്രമണസംഭവം. തലേദിവസമുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂജാ അവധിക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവന്ന കത്തിയാണ് സഹപാഠിയെ കുത്തിവീഴ്ത്താൻ ഉപയോഗിച്ചത്. രണ്ടാഴ്ച മുമ്പ് കൊണ്ടോട്ടി ഭാഗത്ത് ഹയർ സെക്കൻഡറി വിദ്യാർഥികൾ തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒരു വിദ്യാർഥിക്ക് 20 അടിയോളം താഴ്ചയിലേക്ക് വീണ് പരിക്കുപറ്റി. പൊലീസിൽ പരാതിപ്പെട്ടിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ല.
സ്കൂളിലെ അടിയുടെ ബാക്കി ബൈക്കിലെത്തി പുറത്ത് തീർത്തതായിരുന്നു ഒരു വിഭാഗം വിദ്യാർഥികൾ. അടിയുണ്ടാക്കിയതിന്റെ റീൽസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വിദ്യാർഥികൾ ഷെയർ ചെയ്യുന്നുണ്ട്. * ഒരു വർഷം മുമ്പ് കുറ്റിപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിയുടെ മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടിരുന്നു. പ്രിൻസിപ്പലിന്റെ മുന്നിലിട്ടായിരുന്നു അധ്യാപകനെ വിദ്യാർഥി മർദിച്ചത്. കലോത്സവ പരിശീലനസ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

