തുലാവർഷപ്പെയ്ത്ത്: 6 ജില്ലകളിൽ യെല്ലോ അലർട്ട്, തലസ്ഥാനത്ത് വെള്ളക്കെട്ട്, മാൻഹോൾ വൃത്തിയാക്കി കൈയടി നേടി പൊലീസ്
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച ആറു ജില്ലകളിൽ കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയത്. കന്യാകുമാരി മേഖല മുതൽ കർണാടകയുടെ തെക്കുവരെ നീളുന്ന, തമിഴ്‌നാട്ടിലൂടെയും കേരളത്തിലൂടെയും കടന്നുപോകുന്ന ന്യൂനമർദപ്പാത്തിയാണ് തുലാവർഷം വീണ്ടും സജീവമാകാൻ കാരണം. ശനിയാഴ്ചയോടെ മഴ കുറയും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒന്നരമണിക്കൂർ പെയ്ത മഴയിൽ നഗരം മുങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കുമുള്ള റോഡുകൾ വെള്ളത്തിൽ മുങ്ങി. എസ്.എസ് കോവിൽ റോഡ്, ശ്രീകണ്‌ഠേശ്വരം, തകരപ്പറമ്പ് റോഡ്, ചാക്ക, വഞ്ചിയൂർ കോടതി പരിസരം എന്നിവിടങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിൽ ഒരുമണിക്കൂർ പെയ്ത മഴയിൽ ലഭിച്ചത് 91.2 മില്ലീമീറ്റർ മഴയാണ്. വ്യാപാരസ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലായിപ്പോയി. പല വാഹനങ്ങളും കേടായി. ദുരിതത്തിന്റെ വ്യാപ്തി കൂടിയതോടെ വലിയ വിമർശനമാണ് നഗരസഭക്കും മേയറിനും നേരേ ഉയരുന്നത്. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രത ഉണ്ടായില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മഴയിൽ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാനെത്തിയ പൊലീസുകാർ മാൻഹോൾ വൃത്തിയാക്കിയതിനാൽ വെള്ളം ഒഴുകിപ്പോകാൻ സഹായമായി. റോഡരിക്കിലെ മാൻഹോൾ പൊലീസുകാർ വൃത്തിയാക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. തുടർന്ന് പൊലീസുകാർക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. റോഡ് കടലായതോടെ ട്രോളൻമാരും സജീവമായിട്ടുണ്ട്.

