മഴ: ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
text_fieldsകോഴിക്കോട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 29ന് ഇടുക്കി, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിനൊപ്പം വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

