കൊച്ചി: സിവിൽ സപ്ലൈസിൽ കരാർ ഫാർമസിസ്റ്റുകളെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. പി.എസ്.സി പട്ടിക നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തിയാണ് സ്ഥിരപ്പെടുത്തൽ ഒരു മാസം തടഞ്ഞ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെ സ്ഥിരപ്പെടുത്താനുള്ള നീക്കം ചോദ്യം ചെയ്ത് ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിലുള്ള തിരുവനന്തപുരം സ്വദേശിനികളായ പി.ടി. ലിജി, എസ്. ബീന എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാർ, സിവിൽ സപ്ലൈസ്, പി.എസ്.സി, കരാർ ജീവനക്കാർ എന്നിവരോട് ഒരുമാസത്തിനകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
2019 ജൂൺ 11ന് പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയിലെ 99, 64 റാങ്കുകാരാണ് ഹരജിക്കാർ. 2014ൽ വിജ്ഞാപനം ചെയ്യുമ്പോൾ 59 ഒഴിവാണുണ്ടായിരുന്നത്. ഇപ്പോൾ കുറഞ്ഞത് 196 ഒഴിെവങ്കിലുമുണ്ടെന്ന് ഹരജിക്കാർ പറയുന്നു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കണമെന്ന ഹരജിയിൽ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാൻ സിവിൽ സപ്ലൈസ് കോർപറേഷനോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
എന്നാൽ, സാമ്പത്തികബാധ്യത മൂലം പല ഒൗട്ട്ലറ്റുകളും പൂട്ടുകയാെണന്ന് ചൂണ്ടിക്കാട്ടി നിവേദനം തള്ളി. അതേസമയം, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാർ വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.