Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരയോട്ടം ഒ​ഴിവാകുമോ?; സ്വകാര്യ ബസുകളുടെ യാത്രാസമയം ജി.പി.എസ് നിശ്ചയിക്കും

text_fields
bookmark_border
റൂട്ടുകളിലും മാറ്റം വന്നേക്കും
Ksrtc and private bus
cancel
camera_alt

ഫയൽ ചിത്രം

ട്രാഫിക് സിഗ്‌നലിൽ കുടുങ്ങുന്ന ബസിന് നഷ്ടപ്പെടുന്ന സമയം മുതൽ ഓരോ സ്റ്റോപ്പിലുമുള്ള യാത്രക്കാരുടെ കയറ്റിറക്കങ്ങൾ വരെ ഇനി സമയക്രമം തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ടിവരും. കേരളത്തിലെ സ്വകാര്യ ബസ് സർവിസുകളുടെ പ്രവർത്തനത്തിൽ മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹനവകുപ്പ്. ബസുകളുടെ ജി.പി.എസ് വിവരങ്ങൾ ഉപയോഗിച്ച് ഓരോ റൂട്ടിലെയും യഥാർഥ യാത്രാസമയം കണ്ടെത്തി നിലവിലുള്ള സമയക്രമം പരിഷ്കരിക്കുകയാണ് ലക്ഷ്യം.നിശ്ചിത സമയത്തിനുള്ളിൽ ഓടിയെത്താനുള്ള സമ്മർദം മൂലം സ്വകാര്യ ബസുകൾ തമ്മിലുണ്ടാകുന്ന മത്സരയോട്ടം കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ. റോഡിലെ തിരക്ക്, യാത്രക്കാരുടെ കയറ്റിറക്കം, സ്റ്റോപ്പുകളിലെ കാത്തിരിപ്പ്, ഓരോ റൂട്ടിലെയും ഗതാഗത സാഹചര്യം എന്നിവ കണക്കിലെടുത്തായിരിക്കും പുതിയ സമയക്രമം തയ്യാറാക്കുക.

ഓരോ ബസും ഒരു റൂട്ടിലൂടെ സഞ്ചരിക്കാൻ യഥാർഥത്തിൽ എത്ര സമയമെടുക്കുന്നുവെന്നത് ജി.പി.എസ് വിവരങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാനാകും. ഗതാഗതക്കുരുക്ക് കൂടുതലുള്ള ഭാഗങ്ങൾ, സിഗ്‌നലുകളിൽ ചെലവാകുന്ന സമയം, ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പ് തുടങ്ങിയവ വിലയിരുത്തുന്നതിലൂടെ ഓരോ റൂട്ടിനും അനുയോജ്യമായ യാത്രാസമയം നിശ്ചയിക്കാനാകും.ഒരേ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളുടെ എണ്ണവും സർവിസുകൾ തമ്മിലുള്ള ഇടവേളയും പരിശോധിക്കും. ആവശ്യത്തിലധികം ബസുകൾ ഒരേ റൂട്ടിൽ സർവിസ് നടത്തുന്ന സാഹചര്യമുണ്ടെങ്കിൽ അവയുടെ ക്രമീകരണവും പരിഗണനയിലുണ്ട്. ആവശ്യമായിടത്ത് റൂട്ട് ക്രമീകരണങ്ങൾക്കും സാധ്യതയുണ്ട്.നിലവിലുള്ള സമയക്രമം പലപ്പോഴും റോഡിലെ യഥാർഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഒരേ ദൂരം പിന്നിടാൻ പോലും വ്യത്യസ്ത സമയമെടുക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നിശ്ചയിക്കുന്ന സമയപരിധി പാലിക്കാൻ ഡ്രൈവർമാർക്ക് സമ്മർദമുണ്ടാകാം.സമയക്രമം തെറ്റിയാൽ നടപടി നേരിടേണ്ടിവരുമെന്ന ആശങ്കയും ബസുകൾ തമ്മിലുള്ള മത്സരം വർധിപ്പിക്കുന്ന ഘടകമാണ്. യാത്രക്കാരെ ആദ്യം കയറ്റാനും അടുത്ത സ്റ്റോപ്പിൽ എതിരാളിയായ ബസിനെ മറികടക്കാനുമുള്ള ശ്രമങ്ങൾ അപകടകരമായ ഡ്രൈവിങ്ങിലേക്ക് നയിക്കാറുണ്ട്.പുതിയ ക്രമീകരണത്തിലൂടെ റോഡിന്റെ യഥാർഥ സാഹചര്യത്തിന് അനുസരിച്ചുള്ള സമയം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സമയക്രമം പാലിക്കാനായി അമിതവേഗത്തിൽ വാഹനമോടിക്കേണ്ട സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷ.

ഹൈകോടതിയും നിർദേശിച്ചത് ശാസ്ത്രീയ സമയക്രമം

സ്വകാര്യ ബസുകളുടെ സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേരള ഹൈകോടതിയുടെ നിർദേശങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ 24ലെ ഉത്തരവിൽ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ബസ് റൂട്ടുകളിൽ ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള യാത്രാസമയ പഠനം നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.ആദ്യഘട്ടത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പഠനം ആരംഭിക്കണമെന്നും റോഡിന്റെ വീതി, വാഹനത്തിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, വേഗപരിധി, റോഡിന്റെ ഘടന തുടങ്ങിയവ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്.പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേജ് കാര്യേജ് ബസുകളുടെ പെർമിറ്റിനൊപ്പം അനുവദിച്ചിട്ടുള്ള യാത്രാസമയവും സമയപ്പട്ടികയും പരിഷ്കരിക്കാൻ ബന്ധപ്പെട്ട പ്രാദേശിക ഗതാഗത അതോറിറ്റികൾക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിക്കാൻ അനുവദനീയമായ വേഗപരിധി ലംഘിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഒരേ റൂട്ടിൽ തുടർച്ചയായി സർവീസ് നടത്തുന്ന ബസുകൾക്കിടയിൽ കുറഞ്ഞ സമയ ഇടവേള നിശ്ചയിക്കണമെന്നും മത്സരയോട്ടം തടയാൻ നിർദേശമുണ്ട്.സമയക്രമം യഥാർഥ യാത്രാസാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചാൽ ബസുകൾ തമ്മിലുള്ള അനാവശ്യ മത്സരം കുറയ്ക്കാൻ കഴിയും. തിരക്കുള്ള സമയങ്ങളിൽ വൈകിയെത്തുന്ന ബസുകൾക്ക് കൂടുതൽ പ്രായോഗികമായ യാത്രാസമയം ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം, റൂട്ടുകളിലെ സർവിസുകളുടെ എണ്ണം ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ ആവശ്യവും പരിഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ബസ് സർവിസുകളുടെ എണ്ണം കുറയാതെ യാത്രാസമയം ക്രമീകരിക്കുക എന്നത് പ്രധാനമാണ്.പുതിയ സംവിധാനം എപ്പോൾ പൂർണമായി നടപ്പാക്കുമെന്നതും ഓരോ ജില്ലയിലെയും റൂട്ടുകളിൽ എങ്ങനെയായിരിക്കും മാറ്റങ്ങൾ വരുത്തുകയെന്നതും തുടർനടപടികൾക്ക് ശേഷമേ വ്യക്തമാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Private Buses to Get GPS-Based Revised Timings
Next Story