പ്രാങ്ക് വിഡിയോ പണിയായി; അശ്ലീല ചേഷ്ടകളും ശല്യപ്പെടുത്തലും, കൊച്ചിയിൽ യൂട്യൂബർ അറസ്റ്റിൽ
text_fieldsആകാശ്
കൊച്ചി: സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനായി സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടി 'പ്രാങ്ക് വിഡിയോ' ചിത്രീകരിച്ച യുവാവ് പിടിയിൽ. എറണാകുളം ചിറ്റൂർ റോഡ് വലിയപറമ്പിൽ ആകാശ് സൈമൺ മോഹൻ (26) എന്നയാളാണ് അറസ്റ്റിലായത്.
ആകാശും സുഹൃത്തുക്കളും ചേർന്നാണ് പ്രാങ്ക് വിഡിയോ ചിത്രീകരിച്ചത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ സമീപിച്ച് അശ്ലീല ചേഷ്ടകൾ കാട്ടുകയും അരോചകമായി സംസാരിക്കുകയുമാണ് ചെയ്യുക. സ്ത്രീകളുടെ പ്രതികരണമുൾപ്പെടെ സുഹൃത്തുക്കൾ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും. ഇത് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും.
എറണാകുളം കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാൾ സ്ത്രീകളെ ശല്യപ്പെടുത്തുംവിധം പെരുമാറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. 'കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തൽ -പ്രാങ്ക് വിഡിയോ' എന്ന തലക്കെട്ടിൽ ഇയാളുടെ യൂട്യൂബ് ചാനലിൽ ഏതാനും വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. ഇത് നീക്കംചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ആകാശിന്‍റെ സുഹൃത്തുക്കളേയും തിരയുകയാണ്.