സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്നും രാത്രി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവധിയായതിനാൽ കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും, റിയൽ ടൈം മാർക്കറ്റിൽ ലഭ്യത ഉറപ്പാക്കാനായാൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ മഴ പെയ്യുന്നത് ചൂട് കുറയ്ക്കാനും വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കാനും സഹായിക്കുമെന്നും ബോർഡ് കരുതുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എത്ര ഉയർന്ന തുക നൽകിയും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ പണത്തിനല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എൻടിപിസി ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഉയർന്ന വില കൊടുത്തായാലും വൈദ്യുതി വാങ്ങാനാണ് ആലോചന.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കരാർ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടമാവുകയും, പകരം 30 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

