വൈദ്യുതി പ്രതിസന്ധി; ആണവോർജ കോർപറേഷനിൽനിന്ന് 150 മെഗാവാട്ട് കൂടി
text_fieldsതിരുവനന്തപുരം: ആണവോർജ കോർപറേഷനിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി കുടി ലഭ്യമാക്കാൻ ധാരണയായെന്ന് മുഖ്യന്ത്രി വി.ഡി. സതീശൻ.
1000 മെഗാവാട്ടോളം കുറവാണ് സംസ്ഥാനം നേരിടുന്നത്. ഇതിൽ 650 മെഗാവാട്ടോളം ലഭ്യമാക്കാനായി. പ്രതിസന്ധി നിയന്ത്രണ വിധേയ സാഹചര്യത്തിലെത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ അടുത്ത കാലവർഷം വരെയും ഭാവിയിലേക്കും വൈദ്യുതി ആവശ്യകത എങ്ങനെ നേരിടാമെന്ന് ആലോചിക്കാൻ വ്യാഴാഴ്ച ഉന്നതതലയോഗം ചേരുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
150 മെഗാവാട്ട് ഒഡിഷയിൽ നിന്നും 150 മെഗാവാട്ട് ആണവോർജ കോർപറേഷനിൽ നിന്നും 200 മെഗാവാട്ട് മറ്റിടത്ത് നിന്നും ലഭ്യമാക്കാനായി. ഇതിന് പുറമെ അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരുന്ന 150 മെഗാവാട്ടിന്റെ യൂനിറ്റിൽ പണി വേഗം തീർത്ത് ഉൽപാദനം ആരംഭിക്കും. ഇതെല്ലാമായി 650 മെഗാവാട്ടാണ് ലഭ്യമാക്കിയത്. ആണവോർജ കോർപറേഷനിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി. 150 മെഗാവാട്ട് ഉറപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാല-ദീർഘകാല കാര്യങ്ങൾ ചെയ്യുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണമുണ്ട്. പഞ്ചാബിൽ 10 മണിക്കൂറാണ്. തമിഴ്നാട്ടിലും കർണാടകയിലുമുണ്ട്. 465 മെഗാവാട്ടിന്റെ 25 വർഷത്തെ കരാർ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് റദ്ദാക്കി. പകരം ദീർഘകാല കരാറുണ്ടാക്കിയില്ല. കേരളത്തെ പോലെ ഒരു സംസ്ഥാനത്തിന് ദീർഘകാല കരാർ വേണമായിരുന്നു. നേരത്തെയുള്ള കരാർ റദ്ദാക്കിയതാണ് ഗുരുതര പ്രശ്നം. കഴിഞ്ഞ വർഷം സെപ്റ്റംബറിനെക്കാൾ സംസ്ഥാനത്ത് 950 മെഗാവാട്ട് അധിക ഉപയോഗം വന്നു. അത് മുൻകൂട്ടി കണ്ട് നേരത്തെ നടപടികൾ ആസൂത്രണം ചെയ്തില്ല. ഇപ്പോൾ വൈദ്യുതി ലഭ്യമല്ലാതെയായി.
വ്യാഴാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ ആറോ എട്ടോ മാസത്തേക്ക് വാങ്ങാനുള്ള കരാറും ആവശ്യമെങ്കിൽ ദീർഘകാല കരാർ സാധ്യതയും ആലോചിക്കും. ഹിമാചലിൽ നിന്ന് ഓഫർ വന്നപ്പോൾ പകൽ 130 ഉം രാത്രി 80 ഉം മെഗാവാട്ട് തരാമെന്നാണ് പറഞ്ഞത്. എല്ലാത്തിനും 13 രൂപ വിലയായിരുന്നു. 130 മെഗാവാട്ട് പകൽ നമുക്ക് ആവശ്യമില്ല. അത്രയും വിലയിൽ വൈദ്യൂതി രാത്രി ഉപയോഗം ലക്ഷ്യമിട്ട് വാങ്ങിയാൽ യുനിറ്റിന് 30 രൂപ വരും. വിലയുടെ കാര്യത്തിൽ വളരെ ശ്രദ്ധിച്ചാണ് തീരുമാനം എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

