വൈദ്യുതി പ്രതിസന്ധി വ്യാജമോ? അന്വേഷണം വരുന്നു: ക്ഷാമത്തിന് കട്ട്, ജി.എൻ.എ വൈദ്യുതി വാങ്ങില്ല; തീരുമാനം മന്ത്രി അറിയാതെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറിയ ജി.എൻ.എ വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്ന് സർക്കാർ തീരുമാനം. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബിയുടെ പുതിയ ചെയർമാൻ എൻ. പ്രശാന്ത് സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണിത്. അതേസമയം, ഇത് സംബന്ധിച്ച് തീരുമാനമെടുത്തത് താൻ അറിയാതെയാണെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന പുതിയ വിവാദമായി.
വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയം ഉയർന്ന സാഹചര്യത്തിൽ, ഹിമാചൽ വൈദ്യുതി വാങ്ങിയില്ലെങ്കിൽ സംസ്ഥാനം ഊർജ പ്രതിസന്ധിയിലേക്ക് പോകുമെന്ന് കെ.എസ്.ഇ.ബി മുൻ ചെയർമാൻ നൽകിയ റിപ്പോർട്ടിൽ പരിശോധന നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ഹിമാചൽ വൈദ്യുതി വാങ്ങാൻ സർക്കാറിൽ കെ.എസ്.ഇ.ബി സമ്മർദം ചെലുത്തിയെന്ന നിഗമനത്തിലാണിത്. ചെയർമാൻ എൻ. പ്രശാന്ത്, ഊർജ സെക്രട്ടറി പുനീത്കുമാർ എന്നിവർ തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്രയിലെ സിന്നാർ നിലയത്തിൽനിന്ന് വൈദ്യുതി വാങ്ങാൻ എൻ.ടി.പി.സിയുമായി ദീർഘകാല കരാർ ഉടൻ ഒപ്പിടാനും മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഈയിടെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യൂനിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് നൽകാമെന്ന് എൻ.ടി.സി.സി സമ്മതിച്ചിരുന്നു. ഹിമാചൽ-ജി.എൻ.എ വൈദ്യുതി വാങ്ങൽ വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് നവംബറിലും ഡിസംബറിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചത്. തുടർന്ന് ജി.എൻ.എ വൈദ്യുതി വാങ്ങൽ നീക്കവുമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു. ജനുവരി മുതലുള്ള സാഹചര്യം നേരിടാൻ നടപടി എടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
ഹിമാചൽ വൈദ്യുതി കെ.എസ്.ഇ.ബിയുടേത് സമ്മർദ തന്ത്രമെന്ന്
തിരുവനന്തപുരം: പ്രതിസന്ധി റിപ്പോർട്ട് നൽകി, ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന നിലപാട് കെ.എസ്.ഇ.ബി സ്വീകരിച്ചത് സമ്മർദ തന്ത്രമെന്ന നിഗമനത്തിൽ സർക്കാർ. നവംബറിലും ഡിസംബറിലും വൻ പ്രതിസന്ധിയുണ്ടാകുമെന്നാണ് നേരത്തെ കെ.എസ്.ഇ.ബി സർക്കാറിനെ അറിയിച്ചത്. യഥാസമയം ഹിമാചലുമായി കരാറുണ്ടാക്കിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും അറിയിച്ചു. എന്നാൽ, നവംബറിലും ഡിസംബറിലും പ്രതിസന്ധിയുണ്ടാകില്ലെന്ന നിഗമനമാണ് ഇപ്പോൾ കെ.എസ്.ഇ.ബിക്ക്. ഈ സാഹചര്യത്തിൽ, നേരത്തെ കെ.എസ്.ഇ.ബി സ്വീകരിച്ച നിലപാട് ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള സമ്മർദ തന്ത്രമായാണ് സർക്കാർ കാണുന്നത്. ഏത് സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ഇത്തരം റിപ്പോർട്ട് നൽകിയതെന്ന പരിശോധനക്കാണ് നിർദേശം. കൈ.എസ്.ഇ.ബി സർക്കാറിന് നൽകിയ കത്തുകളെയും ഫയലിൽ സർക്കാർ തീരുമാനം വൈകുന്നതിനെയും കുറിച്ച വിവരങ്ങളെല്ലാം പുറത്ത് പോയിരുന്നു. ഇതിൽ സർക്കാറിന് അതൃപ്തിയുണ്ട്. വിവരങ്ങൾ ചോർന്നതിലും പരിശോധനയുണ്ടായേക്കും.
ഹിമാചൽ വൈദ്യുതിയാണ് മെച്ചമെന്ന നിലപാടാണ് കെ.എസ്.ഇ.ബിക്കുണ്ടായിരുന്നത്. എന്നാൽ, പീക്ക് സമയങ്ങളിൽ ജി.എൻ.എയാണ് കൂടുതൽ നൽകുന്നതെന്നും ഹിമാചൽ വൈദ്യുതി 2032 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നുമായിരുന്നു സർക്കാറിന്റെ വിലയിരുത്തൽ. അങ്ങനെയാണ് ജി.എൻ.എ വൈദ്യുതി വാങ്ങാമെന്ന തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടത്. ഇതിനെതിരെ സി.പി.എം അനുകൂല സംഘടനകളും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തുവന്നിരുന്നു.
അറിഞ്ഞത് മാധ്യമങ്ങളിലൂടെ -മന്ത്രി
തിരുവനന്തപുരം: ജി.എൻ.എയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാക്കിയത്. ഉദ്യോഗസ്ഥർ തന്നെ വന്നു കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് നിർബന്ധമില്ല.
മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ആവശ്യാനുസരണം ഇടപെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന് കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യം റിപ്പോർട്ട് നൽകിയതിനെക്കുറിച്ച് അന്വേഷിക്കുന്നത് തനിക്കറിയില്ല.

