സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡ്ഡിംഗ്?; പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പവർകട്ടും ലോഡ്ഷെഡ്ഡിംഗും ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചന. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ ലോഡ്ഷെഡ്ഡിംഗിനാണ് കേരളം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാർ ഒപ്പിടുന്നതിൽ സർക്കാർ തലത്തിലുണ്ടായ കാലതാമസമാണ് പുതിയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
കഴിഞ്ഞ ജൂലൈ, സെപ്റ്റംബർ മാസങ്ങളിലുണ്ടായ വൈദ്യുതി നിയന്ത്രണങ്ങൾക്ക് പിന്നാലെ, നവംബർ 1 മുതൽ പീക്ക് അവർ സമയങ്ങളിൽ സംസ്ഥാനത്ത് 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം നികത്താൻ വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതരായേക്കും.
ഉപയോഗം 4,900 മെഗാവാട്ടിലേക്ക്; നവംബർ ഒന്നോടെ ലഭ്യത 4,200 മെഗാവാട്ടായി ചുരുങ്ങും
ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പീക്ക് അവർ ഉപഭോഗം കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി 4,900 മെഗാവാട്ടിൽ തുടരുകയാണ്. മഴ മാറിനിൽക്കുകയാണെങ്കിൽ ഇത് 5,500 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് ലഭ്യമാകുന്ന പരമാവധി വൈദ്യുതി 4,200 മെഗാവാട്ട് മാത്രമായിരിക്കും. 2,225 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി അനുമതി തേടിയെങ്കിലും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റിന് 6.90 രൂപ മുതൽ 10 രൂപ നിരക്കിൽ 1,000 മെഗാവാട്ടിന് മാത്രമാണ് അനുമതി നൽകിയത്.
ഫയൽ വെച്ചുതാമസിപ്പിച്ചു; ഹിമാചൽ വൈദ്യുതി രാജസ്ഥാന് പോയി
പ്രതിസന്ധി രൂക്ഷമാക്കിയത് ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാറിൽ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയാതെ പോയതാണ്. പീക്ക് അവർ സമയങ്ങളിൽ യൂണിറ്റിന് 14.50 രൂപ നിരക്കിൽ 900 മുതൽ 1,200 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ ഹിമാചൽ ബോർഡ് തയ്യാറായിരുന്നു. ഒക്ടോബർ ഒന്നു മുതൽ ഈ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെയാണ് കഴിഞ്ഞ തവണത്തെ പവർകട്ട് ഒഴിവാക്കാനായത്. നവംബർ 1 മുതൽ മെയ് 15 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി വാങ്ങുന്നത് തുടരാൻ അനുമതി തേടിയുള്ള ഫയൽ കഴിഞ്ഞ 22 ദിവസമായി സർക്കാർ ഒപ്പിടാതെ വെച്ചുതാമസിപ്പിച്ചു. സർക്കാർ അന്തിമ തീരുമാനമെടുക്കാൻ വൈകിയതോടെ, രാജസ്ഥാൻ കൂടുതൽ തുക (യൂണിറ്റിന് ₹15.50) വാഗ്ദാനം ചെയ്ത് ഹിമാചലിന്റെ വൈദ്യുതി ഉറപ്പിച്ചു. നവംബർ ഒന്നു മുതൽ ഹിമാചൽ കേരളത്തിനുള്ള വിതരണം നിർത്തലാക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ചർച്ച നടന്നിരുന്നെങ്കിൽ നിരക്ക് 12.50 രൂപയായി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു: മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
"സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വലിയ വില നൽകേണ്ടി വരുന്നതാണ് പ്രധാന പ്രതിസന്ധി. ഹിമാചൽ പ്രദേശ് മാത്രമല്ല, മറ്റ് സ്രോതസ്സുകളിൽ നിന്നും വൈദ്യുതി വാങ്ങുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. അഭൂതപൂർവമായ രീതിയിൽ വൈദ്യുതി ഉപയോഗം ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ദേശീയ തലത്തിൽ രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. എൽ നിനോ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും കൂടുതൽ വൈദ്യുതി വാങ്ങിക്കൂട്ടുന്ന സ്ഥിതിയുണ്ട്. പ്രതിസന്ധി ഉടൻ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്."
— മന്ത്രി കൂട്ടിച്ചേർത്തു.

