മാർച്ച് വരെ വൈദ്യുതി വാങ്ങാൻ അനുമതി; വൈകുന്നേരത്തെ പ്രതിസന്ധിയിൽ മാറ്റമില്ല
text_fieldsതിരുവനന്തപുരം: വേനലിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് നവംബർ മുതൽ മാർച്ച് വരെ അഞ്ച് കമ്പനികളിൽ നിന്നായി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. 164.16 ദശലക്ഷം യൂനിറ്റ് വൈദ്യുതി വാങ്ങാനുള്ള 131.26 കോടിയുടെ ഹ്രസ്വകാല കരാറുകളാണിത്. യൂനിറ്റിന് ശരാശരി എട്ട് രൂപയാണ് വില. പീക്ക് സമയങ്ങളിലേക്കല്ല ഈ വൈദ്യുതി ലഭിക്കുക. വൈകുന്നേരത്തെ നിയന്ത്രണം ഒഴിവാക്കാൻ വേറെ വഴി കാണേണ്ടിവരും.
യൂനിറ്റിന് 6.99 രൂപ മുതൽ പത്ത് രൂപ വരെയാണ് അംഗീകരിച്ച വില. നവംബറിൽ 145 മെഗാവാട്ട് വാങ്ങാനാണ് അനുമതി. യൂനിറ്റിന് 7.44 രൂപയാണ് വില. ഡിസംബറിൽ 120 മെഗാവാട്ട് യൂനിറ്റിന് 7.99 രൂപ നിരക്കിലും ജനുവരിയിൽ 240 മെഗാവാട്ട് 6.99 രൂപ നിരക്കിലും ഫെബ്രുവരിയിൽ 240 മെഗാവാട്ട് 6.99 രൂപ നിരക്കിലുമാണ് വാങ്ങാൻ അനുമതി. മാർച്ചിൽ 270 മെഗാവാട്ട് 9.98 മുതൽ 10 രൂപ വരെയാണ് നിരക്കിലാണ് വാങ്ങുക.
ഏപ്രിലിൽ പീക്ക് അല്ലാത്ത സമയത്ത് 115 മെഗാവാട്ടും 75 മെഗാവാട്ട് പീക്ക് സമയത്തും 13.89 രൂപ നിരക്കിൽ വാങ്ങാൻ ബോർഡ് ടെൻഡർ നൽകിയിരുന്നുവെങ്കിലും റെഗുലേറ്ററി കമീഷൻ അത് തള്ളി.
കെ.എസ്.ഇ.ബി ഈ മാസങ്ങളിലേക്ക് നൽകിയ ഹ്രസ്വകാല കരാർ ആവശ്യങ്ങൾ അതേപോലെ കമീഷൻ അംഗീകരിച്ചിട്ടില്ല. ഉയർന്ന വിലയുള്ള നിർദേശങ്ങൾ നിരാകരിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലാണ് ഹ്രസ്വകാല കരാർ അംഗീകരിച്ചതെന്നും ഇത് കീഴ്വഴക്കമാക്കരുതെന്നും കമീഷൻ ബോർഡിന് മുന്നറിയിപ്പ് നൽകി. രാത്രിയിലെ പീക്ക് അല്ലാത്ത സമയത്ത് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്ന നീക്കത്തിൽ കമീഷൻ അതൃപ്തി പ്രകടിപ്പിച്ചു.
നവംബർ, ഡിസംബർ മാസങ്ങളിലെ ഓഫ് പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി നേടിയെടുക്കണമെന്ന് നിർദേശിച്ചിരുന്നു. അതുണ്ടായില്ല. പീക്ക് അല്ലാത്ത സമയത്ത് കൂടുതൽ വൈദ്യുതി കരാറുകൾ ഉണ്ടാക്കിയാൽ കേന്ദ്ര വിഹിതം, ദീർഘകാല കരാർ എന്നിവയിൽ കിട്ടുന്ന വൈദ്യുതി തിരിച്ചുനൽകേണ്ടി വരും.
പവർ എക്സ്ചേഞ്ച് വഴി ഓഫ് പീക്ക് സമയത്തെ കുറഞ്ഞ നിരക്കിലുള്ള ലഭ്യതയും പരിശോധിക്കേണ്ടതുണ്ട്. 26-27ൽ ഹ്രസ്വകാല കരാറുകൾ വലിയ ബാധ്യത ഉണ്ടാക്കുമെന്ന നിഗമനത്തിലാണ് കമീഷൻ. ഇത് നേരിടാൻ ഒരു തന്ത്രവും ബോർഡ് ഉണ്ടാക്കിയില്ല. ഡീപ് പോർട്ടൽ വഴി വാങ്ങിയ വൈദ്യുതിയുടെ വിശദാംശം അടുത്ത മാസം അഞ്ചിനകം കമീഷന് നൽകാൻ ബോർഡിന് നിദേശം നൽകി. മാസം, സമയ ബ്ലോക്ക് എന്നിവ സഹിതമാകണം ഇത്.
മേയ് വരെ പീക്ക് സമയത്ത് 17 മുതൽ 23 ശതമാനം വരെയും മൊത്തത്തിൽ 12 മുതൽ 17 ശതമാനം വരെയും ഉയർന്ന ആവശ്യകത വരുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. വിവിധ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച കമീഷൻ പീക്ക് അല്ലാത്ത സമയത്ത് 500 മുതൽ 700 മെഗാവാട്ട് വരെ കുറവ് മതിയാകുമെന്ന് വിലയിരുത്തി. വരും മാസങ്ങളിലെ വൈദ്യുതി ആവശ്യകത വീണ്ടും വിശദമായി പരിശോധിച്ച് അറിയിക്കാനും കമീഷൻ നിദേശിച്ചു. ബാറ്ററി സ്റ്റോറേജ് പദ്ധതി വൈകുന്നതിലും കമീഷൻ അതൃപ്തി അറിയിച്ചു.

