Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമറയുമായി...

കാമറയുമായി ഒളിഞ്ഞുനോക്കേണ്ട; പിടിവീഴും, കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

text_fields
bookmark_border
കാമറയുമായി ഒളിഞ്ഞുനോക്കേണ്ട; പിടിവീഴും, കർശന മുന്നറിയിപ്പുമായി കേരള പൊലീസ്
cancel

തിരുവനന്തപുരം: മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെയും ലൈക്കും കൂട്ടുന്നതിനായി മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളുമൊക്കെ ഉപയോഗിക്കുന്ന പ്രവണതകൾക്കെതിരെയാണ് പൊലീസിന്റെ പ്രതികരണം.

തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പൊലീസ് ഈ സന്ദേശം ജനങ്ങളിലെത്തിച്ചത്.

ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലൂടെ പറന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ ക്യാമറയിലേക്ക് ബാറ്റർ അടിച്ച പന്ത് വന്നിടിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി എത്തിനോക്കുന്ന കാമറകൾക്കുള്ള പ്രതീകാത്മകമായ ഒരു പ്രഹരമായാണ് ഈ വീഡിയോയെ കണക്കാക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കർശനമായ നിയമനടപടികൾക്ക് കാരണമാകും.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സെക്ഷൻ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് തെളിയിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാമെന്നും എഫ്.ബി കുറിപ്പിൽ പൊലീസ് മുന്നിയിപ്പ് നൽകി.

നാടിന്റെ പ്രതിസന്ധികളും മറ്റുള്ളവരുടെ സങ്കടങ്ങളും റീൽസുകൾക്കും വീഡിയോകൾക്കുമായി ഉപയോഗിക്കുന്നവർ ഈ നിയമവശങ്ങൾ ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് കേരള പൊലീസ് ഓർമിപ്പിക്കുന്നത്.

പൊലീസിന്റെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂല കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിൽ ഇത്തരം ബോധവൽക്കരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളിൽ ചില ചില ഓൺലൈൻ മാധ്യമങ്ങൾ അതിരുകടന്ന പെരുമാറിയിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ മകനും നടനുമായ ചന്തു രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പിതാവിന്റെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ സ്വകാര്യത നൽകാതെ കാമറകളുമായി തിക്കിത്തിരക്കിയ ഓൺലൈൻ മാധ്യമപ്രവർത്തകരോടും ജനക്കൂട്ടത്തോടുമാണ് ചന്തു ദേഷ്യപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെയുള്ളവർ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സഹികെട്ട് ചന്തു എല്ലാവരോടും ദേഷ്യത്തോടെ പുറകോട്ട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ​'എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?' എന്ന് ചന്തു ചോദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്രമുഖരും സുഹൃത്തുക്കളും ചേർന്നാണ് ചന്തുവിനെ ആശ്വസിപ്പിച്ചത്.

സംസ്കാര ചടങ്ങിനിടെയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാതലത്തിൽ കൂടിയാണ് കേരള പൊലീസിന്റെ എഫ്.ബി കു​റിപ്പും വന്നിരിക്കുന്നത് എന്നത് ശ്ര​ദ്ധേയമാണ്.

പോസ്റ്റിന്റെ പൂർണരൂപം

മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്.

മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaKerala PoliePrivacy Breach
News Summary - Kerala Police Warns Against Invading Privacy for Social Media Views
Next Story