Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മൃദു ഭാവേ, ദൃഢ കൃത്യേ'; അർദ്ധരാത്രിയിൽ മിന്നൽ നീക്കം, കാണാതായ 13 കാരിയെ ഒഡിഷയിലെ നക്സൽ മേഖലയിൽ നിന്ന് കണ്ടെത്തി കേരള പൊലീസ്

text_fields
bookmark_border
മൃദു ഭാവേ, ദൃഢ കൃത്യേ; അർദ്ധരാത്രിയിൽ മിന്നൽ നീക്കം, കാണാതായ 13 കാരിയെ ഒഡിഷയിലെ നക്സൽ മേഖലയിൽ നിന്ന് കണ്ടെത്തി കേരള പൊലീസ്
cancel
camera_alt

കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം

കൊച്ചി: മൃദു ഭാവേ, ദൃഢ കൃത്യേ... ഇതാണ് കേരള പൊലീസ്. 13 കാരിയെ കണ്ടെത്താൻ കേരള പൊലീസ് സഞ്ചരിച്ചത് 4,000 ൽ അധികം കിലോമീറ്റർ. ആഗസ്റ്റ് 13ന് വൈകീട്ട് ആറിന് ഒഡിഷ സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ എസ്.ഐയുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചല്ല.

തുടർന്ന്, സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് തിരിച്ചു. അങ്ങനെ അന്വേഷണ സംഘം ആഗസ്റ്റ് 18ന് ഒഡിഷയിലെത്തി. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചു. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര അപകടകരമാണെന്നും പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചതിനെ തുടർന്ന് അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചു.

എസ്‌.എച്ച്‌.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനും സുരക്ഷക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ച് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടു വളഞ്ഞു. ഇതിനിടെ സമീപത്തെ വീടുകളിലുള്ളവർ ഉണർന്നു.

വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തി. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. എസ്.ഐ കെ.എം. അബി, സീനിയർ സി.പി.ഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കാണാതായ പെൺകുട്ടിയെ സാഹസിക അന്വേഷണത്തിലൂടെ കണ്ടെത്തി സുരക്ഷിതമായി മടങ്ങിയ കേരള പൊലീസ് സമൂഹികമാധ്യമത്തിൽ അഭിനന്ദന പ്രവാഹമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Police Trace Missing Girl to Odisha
Next Story