സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പൊതുജനപങ്കാളിത്തത്തോടെ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ പൊലീസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾക്ക് തടയിടാനും പൊതുവിടങ്ങളിലും സ്ഥാപനങ്ങളിലും പൊതുജനപങ്കാളിത്തത്തോടെ സി.സി ടി.വികൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള നീക്കത്തിൽ പൊലീസ്. പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥാപിച്ച കാമറകൾ പലപ്പോഴും പ്രവർത്തിക്കാത്തതും പലയിടത്തും കാമറ ഇല്ലാത്തുമായ സാഹചര്യത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. ഒരു ജില്ലയിൽ കുറഞ്ഞത് 5000 കാമറകളെങ്കിലും സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ പൊതുജന പിന്തുണ തേടാനുള്ള നിർദേശമാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ല പൊലീസ് മേധാവികൾക്ക് നൽകിയത്.
വാഹനാപകടം, സുരക്ഷ പ്രശ്നങ്ങൾ എന്നിവയിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സി.സി ടി.വി കാമറ ദൃശ്യങ്ങൾ ഗുണപരമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാമറ സ്ഥാപിക്കാനാണ് തീരുമാനം. വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആശുപത്രികൾ, പെട്രോൾ പമ്പ്, സ്കൂളുകൾ, പ്രധാന റോഡുകൾ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സി.സി ടി.വി കാമറകൾ സ്ഥാപിക്കുക. അന്വേഷണത്തിന് സഹായകമാകുന്ന രീതിയിൽ കാമറകളിൽ ഒരെണ്ണം റോഡിലേക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കണമെന്ന നിർദേശവും മുന്നോട്ട്വെക്കും. വ്യാപാരി-വ്യവസായി സംഘടനകളുടെ സഹായവും തേടും. പൊതുജന, തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഓപറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള തീരുമാനത്തിന്‍റെ കൂടി ഭാഗമായാണ് നീക്കം.
സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാതെ സംസ്ഥാനത്തെങ്ങും സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനാണ് ഇതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. കാമറ നിരീക്ഷണത്തിലൂടെ ലഹരി മാഫിയകൾ, ഗുണ്ടകൾ, സാമൂഹികവിരുദ്ധർ എന്നിവരെ നിരീക്ഷിച്ച് അവരുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ കാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

