പൊലീസുകാർക്ക് ഇനി രണ്ട് സംഘടനകൾ മാത്രം; ഓഫിസേഴ്‌സ് അസോസിയേഷൻ ഇല്ലാതായി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ടാക്കി ചുരുക്കി. മൂന്ന് സംഘടനകളിൽ ഒന്നായ ‘കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ’ ഇല്ലാതായി. ഇതോടെ സേനയിൽ രണ്ട് സംഘടനകൾ മാത്രമാകും ഇനി ഉണ്ടാകുക. സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം, സിവിൽ പൊലീസ് ഓഫിസർ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ്.ഐ മുതൽ നോൺ ഐ.പി.എസ് എസ്.പിമാർ വരെ ഉൾപ്പെടുന്നത് കേരള സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ എന്ന സംഘടനയിലാകും.
പിരിച്ചുവിട്ട കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ എന്നിവയുടെ 60 ശതമാനം കേരള പൊലീസ് അസോസിയേഷനിലേക്കും 40 ശതമാനം കേരള പൊലീസ് സീനിയർ ഓഫിസേഴ്‌സ് അസോസിയേഷനിലേക്കും കൈമാറാനും ഉത്തരവിൽ നിർദേശമുണ്ട്.
പുതിയ അംഗത്വ ഘടന നടപ്പിലാക്കുന്നതിനും പുനഃസംഘടന ഏകോപിപ്പിക്കാനുമായി സംസ്ഥാന തലത്തിലും ജില്ല തലങ്ങളിലും ഡി.ജി.പിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റികൾക്ക് രൂപം നൽകും. ഒക്ടോബർ മാസത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതിക്ക് രണ്ടു വർഷത്തെ കാലാവധിയായിരിക്കും.
സംസ്ഥാനത്തെ പൊലീസ് സംഘടനയിൽ നടക്കുന്ന വലിയ അഴിച്ചുപണിയാണ് ഇത്. നിലവിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംഘടനയുടെ തലപ്പത്തുള്ളത്. പുതിയ തെരഞ്ഞെടുപ്പോടെ സംഘടനകളുടെ നിയന്ത്രണം പിടിക്കാനാണ് കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം.
അതേസമയം, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ 36ാം സംസ്ഥാന സമ്മേളനം ആഗസ്റ്റിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് തീരുമാനിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഈ സാഹചര്യത്തിൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ രമേശ് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു.
ആഗസ്‌റ്റ് 15 മുതൽ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒയുടെ ചുമതലയിലേക്ക് സബ് ഇൻസ്പെക്ടർമാർ വരുന്ന സാഹചര്യം മന്ത്രിയുമായി ചർച്ച ചെയ്തു. പൊലീസുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ചയായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തയാറാക്കിയ ‘നാളെയുടെ പൊലീസ് ഇങ്ങനെയാവണം’ എന്ന പുസ്‌തകവും മന്ത്രിക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

