വീട് വാടകക്ക് കൊടുക്കുമ്പോഴും ജോലിക്കാരെ എടുക്കുമ്പോഴും ഇനി ഭയപ്പെടേണ്ട; കേരള പൊലീസ് നോക്കിക്കോളും
text_fieldsകേരള പൊലീസ്
തിരുവനന്തപുരം: വീട് വാടകക്ക് കൊടുക്കുമ്പോഴും ഡ്രൈവറെയും ജോലിക്കാരെയും നിയമിക്കുമ്പോഴുമെല്ലാം നമ്മൾ ഒന്നൂടെ ആലോചിക്കാറുണ്ട്. സുരക്ഷയെക്കുറിച്ച് നന്നായി ചിന്തിച്ച ശേഷമാണ് അവ ചെയ്യുന്നത്. എന്നാൽ അതിനൊരു പരിഹാരമായാണ് ഇപ്പോൾ കേരള പൊലീസ് എത്തിയിരിക്കുന്നത്.
ഒരു നിശ്ചിത തുക ഓൺലൈനായി അടച്ചാൽ നിങ്ങൾ ജോലിക്കെടുക്കുന്നവരുടെയടക്കം പശ്ചാത്തലം പരിശോധിച്ച് പൊലീസ് വിവരം നൽകും. പൊലീസിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗം വികസിപ്പിച്ചെടുത്ത ഈ ഓണ്‍ലൈന്‍ സംവിധാനത്തിന് സംസ്ഥാന പൊലീസ് മേധാവി റവാദ എ.ചന്ദ്രശേഖര്‍ തുടക്കം കുറിച്ചു.
പൊലീസിന്‍റെ സിറ്റിസൺ സർവീസ് പോർട്ടലായ തുണയിലൂടെയും മൊബൈൽ ആപ്പായ പോല്‍-ആപ്പ് വഴിയും പൊതുജനങ്ങൾക്ക് ഈ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ജോലിക്കാരുടെ വിശദാംശങ്ങൾ നൽകിയാൽ പൊലാസ് വകുപ്പിന്‍റെ ക്രൈം ഡാറ്റാബേസിന്‍റെ സഹായത്തോടെ അയാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുന്നു.
പൊലീസ് ഇത്തരമൊരു സേവനം ഓൺലൈനായി നൽകുന്നത് ഇതാദ്യമായാണ്. നടപടിക്രമത്തിലെ ഓരോ ഘട്ടവും അതാത് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതിനാല്‍ സേവനം വേഗത്തിലും ഫലപ്രദവുമായിരിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും റവാദ എ ചന്ദ്രശേഖര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വീട്ടുജോലിക്കാരുടെയും വാടകക്കാരുടെയും വിവരങ്ങള്‍ തുണ, പോല്‍-ആപ്പ് എന്നിവ വഴി നല്‍കാം. കമ്പനികള്‍ക്ക് തുണ വഴി വിവരങ്ങള്‍ നല്‍കാം. വ്യക്തിയുടെ വിശദാംശങ്ങള്‍, ആധാര്‍, ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍, 1500 രൂപ ഫീസ് എന്നിവയും നല്‍കണം. വ്യക്തികളുടെ ഐഡന്റിറ്റി, വിലാസം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ലോക്കല്‍ പൊലീസ് അന്വേഷിക്കും. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ച് യൂനിറ്റ് മേധാവി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ജീവനക്കാരുടെ വെരിഫിക്കേഷനായി അപേക്ഷ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സംഘടനകള്‍ക്കും തുണ വഴി കൈമാറാം. സ്വകാര്യ സ്ഥാപനങ്ങള്‍ 1500 രൂപ നല്‍കേണ്ടതുണ്ട്. അപേക്ഷ ജില്ലാ പൊലീസ് ഓഫീസ് പ്രോസസ്സ് ചെയ്യുകയും ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടുതല്‍ പരിശോധനക്കായി അയക്കുകയും ചെയ്യും. വിജയകരമായ പരിശോധനക്ക് ശേഷം, ജില്ല പൊലീസ് മേധാവിയോ അംഗീകൃത ഉദ്യോഗസ്ഥനോ സര്‍ട്ടിഫിക്കറ്റ് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

