കൊട്ടക്കാമ്പൂര്‍ കേസ് അവസാനിപ്പിക്കുന്നതായി പൊലീസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസിൽ ഇവർക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് െപാലീസ് ഹൈകോടതിയിൽ.
അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ കേസില്‍ ഇനി നടപടി വേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് ഏഴിന് തൊടുപുഴ സെഷന്‍സ് കോടതിയില്‍ അന്തിമ റിപ്പോർട്ട് നല്‍കിയെന്നും അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ഇടുക്കി ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഭൂമി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളിലാണ് പൊലീസിെൻറ വിശദീകരണം. കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ദേവികുളം പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 1995ല്‍ കൊട്ടക്കാമ്പൂരില്‍ അഞ്ച് ഏക്കറോളം പട്ടയ ഭൂമി തനിക്ക് ഉണ്ടായിരുന്നുവെന്നാണ് ഒന്നാം പ്രതി പാലിയത്ത് ജോര്‍ജ് മൊഴി നല്‍കിയിട്ടുള്ളത്. പട്ടയമില്ലാത്ത നാലേക്കര്‍ വീതം അയല്‍വാസികള്‍ വില്ക്കാന് തയാറായപ്പോള്‍ ഏക്കറിന് 30,000 രൂപ വീതം നല്കി വാങ്ങുകയായിരുന്നു.
ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ വിരലടയാള രജിസ്റ്ററും മുക്ത്യാറുകളുടെ പകര്‍പ്പും ഭൂവുടമകളായിരുന്നവരുടെ വിരലടയാളവും ശേഖരിച്ച് തിരുവനന്തപുരത്തെ ഫിംഗര്‍പ്രിൻറ് ബ്യൂറോയിലേക്ക് അയച്ചിരുന്നു. വിരലടയാളങ്ങളില്‍ വ്യത്യാസമില്ലെന്നാണ് ഫിംഗര്‍പ്രിൻറ് ബ്യൂറോ റിപ്പോർട്ട് നല്‍കിയത്.
തൊടുപുഴ മജിസ്േട്രറ്റ് കോടതി മുന്‍ ഉടമകളുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. തങ്ങളിൽനിന്ന് ഭൂമി വഞ്ചിച്ച് തട്ടിയെടുത്തിട്ടില്ലെന്നാണ് ഇവരെല്ലാം മൊഴി നല്‍കിയിരിക്കുന്നത്. 2015ല്‍ ദേവികുളം സബ് കലക്ടര്‍ അഞ്ച് പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിലെ അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ പട്ടയങ്ങളില്‍ ഒപ്പുവെച്ചിരുന്ന തഹസില്‍ദാര്‍ അറുമുഖന് 2009ല്‍ മരണപ്പെെട്ടങ്കിലും ഇയാളുടെ ഒപ്പ് മകളും വില്ലേജ് ഓഫിസറും സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോപണ വിധേയര്‍ക്കെതിരെ ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. കേസുമായി മുന്നോട്ടു പോവേണ്ടതില്ലെന്നാണ് കേസ് ഡയറി പരിശോധിച്ച തൊടുപുഴ സെഷന്‍സ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
