ഇനി ഉടായിപ്പ് നടക്കില്ല; വാഹനാപകടങ്ങൾ മുൻകൂട്ടി ‘അറിഞ്ഞ്’ പ്രതിരോധിക്കൻ എ.ഐ ട്രാക്കുമായി കേരള പൊലീസ്
text_fieldsതിരുവനന്തപുരം: ഇനി വാഹനാപകടങ്ങൾ മുൻകൂട്ടി അറിഞ്ഞ് കേരള പൊലീസ് പ്രതിരോധിക്കും. പുറമെ, സ്ഥിരം ഗതാഗത നിയമലംഘകരും വാഹനാഭ്യാസികളും കുടുങ്ങുകയും ചെയ്യും. പൊലീസ് പുതുതായി നടപ്പാക്കുന്ന എ.ഐ -ട്രാക്ക് സംവിധാനമാണ് വിദേശരാജ്യങ്ങൾക്ക് സമാനമായ രീതിയിലുള്ള ഗതാഗതക്രമീകരണങ്ങൾക്ക് വഴിയൊരുക്കുന്നത്. നാലുവർഷത്തെ അപകട ഡേറ്റകളും ട്രാഫിക് സംവിധാനത്തിൽ ലഭ്യമായ രണ്ട് കോടിയോളം ഡേറ്റകളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചത്.
അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളും സമയപരിധികളും തിരിച്ചറിഞ്ഞ് അവിടങ്ങളിൽ നടപ്പാക്കേണ്ട എൻഫോഴ്സ്മെന്റ് നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് ലക്ഷ്യം വക്കുന്നത്. വിവരശേഖരണം, വിശകലനം, അപകട പ്രവചനം, എൻഫോഴ്സ്മെന്റ് നിർദേശം, പ്രതിരോധനടപടി എന്ന രീതിയിലാണ് പ്രവർത്തിക്കുക. ഇ-ചെല്ലാൻ സംവിധാനത്തിലൂടെ ലഭ്യമായ ട്രാഫിക് വിവരങ്ങൾ, റാപിഡ് സംവിധാനത്തിൽ ലഭ്യമായ അപകട വിവരങ്ങൾ എന്നിവയാണ് എ.ഐ. ട്രാക്ക് വിശകലനം ചെയ്യുന്നത്. ലഭ്യമായ എൻഫോഴ്സ്മെന്റ്, അപകട വിവരങ്ങൾ എന്നിവ നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്ത് അപകട പ്രവചനവും അപകട സാധ്യതാ മാപ്പിങ്ങും തയാറാക്കുന്നതാണ് പ്രവർത്തനരീതി.
സംസ്ഥാനതലം മുതൽ പൊലീസ് സ്റ്റേഷൻതലം വരെ ലഭ്യമാക്കുന്ന എൻഫോഴ്സ്മെന്റ് ഉപദേശങ്ങൾ ജില്ലാ പൊലീസ് മേധാവികൾ, സബ് ഡിവിഷനൽ ഓഫിസുകൾ, എസ്.എച്ച്.ഒമാർ തുടങ്ങി 600ൽ പരം ഉപയോക്താക്കൾക്ക് ലഭ്യമാക്കി ക്രമീകരണങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതിന് പുറമെ ആവർത്തിച്ച് ട്രാഫിക് നിയമലംഘനം നടത്തുന്നവർ, നിരത്തുകളിൽ മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ നടത്തുന്നവർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഓടുന്ന വാഹനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിശകലനങ്ങളും സംവിധാനം നൽകും. എ.ഐ. ട്രാക്ക് നൽകുന്ന പ്രവചനങ്ങളും ഉപദേശങ്ങളും ദൈനംദിന ആസൂത്രണത്തിലും അവലോകനങ്ങളിലും കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അപകട സാധ്യതയെ സ്വാധീനിക്കുന്ന കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തി എ.ഐ. ട്രാക്കിന്റെ പ്രകടനം രണ്ടാംഘട്ടത്തിൽ കൂടുതൽ മെച്ചപ്പെടുത്തും. കാലാവസ്ഥ, റോഡിന്റെ ഘടനയും സവിശേഷതകളും, ഗതാഗത വ്യതിയാനങ്ങൾ തുടങ്ങിയ അധിക വിവരങ്ങൾകൂടി ഉൾപ്പെടുത്തി കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ നടത്താനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

