Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലികോപ്ടർ കരാർ കാലാവധി നാളെക്കൂടി; സതീശൻ സർക്കാർ പുതുക്കുമോ? നിലപാട് നിർണായകം

text_fields
bookmark_border
ഹെലികോപ്ടർ കരാർ കാലാവധി നാളെക്കൂടി; സതീശൻ സർക്കാർ പുതുക്കുമോ? നിലപാട് നിർണായകം
cancel

തിരുവനന്തപുരം: സംസ്ഥാന പൊലീസിനായി മുൻ എൽ.ഡി.എഫ് സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ മൂന്ന് വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെ, സർക്കാർ തീരുമാനം നിർണായകം. പ്രതിപക്ഷ നേതാവായിരിക്കെ ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനെ കടുത്ത ഭാഷയിൽ എതിർത്തിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രി പദവിയിലിരിക്കെ എടുക്കുന്ന അന്തിമ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ആകാംക്ഷയുണർത്തുന്നുണ്ട്.

നിലവിലെ കരാർ നീട്ടണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) സർക്കാറിനോട് ശിപാർശ ചെയ്തിരിക്കുന്നത്. മൂന്ന് മാസം മുമ്പ് തന്നെ പൊലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഇതുവരെ ഫയലിൽ തീരുമാനമെടുത്തിട്ടില്ല.

പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. പവൻഹാൻസിന് ശേഷം നിലവിൽ ചിപ്സൺ ഏവിയേഷൻസാണ് സർക്കാറിന് സേവനം നൽകുന്നത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടകയിനത്തിൽ നൽകേണ്ടത്. നിശ്ചിത സമയത്തിൽ കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ അധികമായും നൽകണം.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ വാടകക്കെടുത്തതിനെ വലിയ 'ധൂർത്ത്' എന്നായിരുന്നു അന്ന് യു.ഡി.എഫ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഭരണത്തിലേറിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതേ ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് മുൻ ഭരണപക്ഷത്തിന്റെ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ നിലപാടിൽ ഉറച്ചുനിന്ന് കരാർ റദ്ദാക്കുമോ, അതോ പൊലീസിന്റെ ആവശ്യം പരിഗണിച്ച് കാലാവധി നീട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം, കാലാവധി അവസാനിച്ച ശേഷം പുതിയ ടെൻഡർ വിളിച്ചാൽ വാടക ഇനിയും ഉയർന്നേക്കുമെന്ന വിലയിരുത്തലുമുണ്ട്. ഭീമമായ തുക നൽകി സ്ഥിരമായി വാടകക്കെടുക്കുന്നതിന് പകരം, സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഹെലികോപ്റ്റർ സേവനം പ്രയോജനപ്പെടുത്തുന്നതാണ് സാമ്പത്തികമായി അനുയോജ്യമെന്ന അഭിപ്രായവും ഒരു വശത്ത് ശക്തമാണ്. മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ എന്ത് തീരുമാനമുണ്ടാകുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Police Helicopter Lease Decision Awaited
Next Story