Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കള്ളവോട്ട് ചെയ്യാനായി ...

'കള്ളവോട്ട് ചെയ്യാനായി തൃക്കാക്കരയിലേക്ക് വരേണ്ട, ജയിലില്‍ പോകും', സി.പി.എമ്മിനോട് വി.ഡി സതീശൻ

text_fields
bookmark_border
കള്ളവോട്ട് ചെയ്യാനായി തൃക്കാക്കരയിലേക്ക് വരേണ്ട, ജയിലില്‍ പോകും, സി.പി.എമ്മിനോട് വി.ഡി സതീശൻ
cancel
Listen to this Article

കൊച്ചി: തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏഴായിരത്തോളം പുതിയ വോട്ടുകള്‍ യു.ഡി.എഫ് ചേര്‍ത്തെങ്കിലും അതില്‍ മൂവായിരം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 161-ാം ബൂത്തില്‍ മാത്രം ദേശാഭിമാനി ലേഖകന്‍ രക്ഷകര്‍ത്താവായി അഞ്ച് വ്യാജ വോട്ടുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

'മരിച്ച് പോയവരുടെയും വിദേശത്തുള്ളവരുടെയും പേരുകള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക യു.ഡി.എഫ് പോളിങ് ഏജന്റ്മാരുടെ കൈവശമുണ്ട്. പോളിങ് ദിനത്തില്‍ ഇത് പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാറും. ഇതില്‍ ആരെങ്കിലും വ്യാജ വോട്ട് ചെയ്താല്‍ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാല്‍ ജയിലില്‍ പോകേണ്ടിവരും. കള്ള വോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരും പെന്‍ഷന്‍ വാങ്ങില്ല. അവരെ ജയിലില്‍ അടക്കാന്‍ സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും പോകും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതിന് നടപടി നേരിട്ടയാളെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ചെങ്കിലും യു.ഡി.എഫ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റി. എന്നാല്‍ അവര്‍ ചുമതല വഹിച്ചിരുന്ന സമയത്തെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെട്ടില്ല.'- അദ്ദേഹം പറഞ്ഞു.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ തെറ്റായ രീതിയിലാണ് സി.പി.എം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എ.കെ ആന്റണിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമൂട്ടിച്ചപ്പോള്‍, ഇങ്ങനെ മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ആ രംഗം അടര്‍ത്തിയെടുത്ത് മാധ്യമ പ്രവര്‍ത്തകരെ തെറി പറഞ്ഞെന്ന തരത്തിലാണ് സി.പി.എം പ്രചരിപ്പിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അവര്‍ എന്തും പ്രചരിപ്പിക്കും. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലനടിയില്‍ കാമറ വെച്ച വിരുതന്‍മാരാണ് എറണാകുളത്തെ സി.പി.എം നേതാക്കള്‍. പ്രളയഫണ്ട് തട്ടിയെടുത്തവരെ ഒളിവില്‍ താമസിപ്പിച്ചതും ഇവരാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം സി.പി.എമ്മിലുണ്ട്. ഇന്നലെ പത്രസമ്മേളനം നടത്തിയ രണ്ടു സി.പി.എം നേതാക്കളില്‍ ഒരാള്‍ക്കെതിരെയും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചതും സി.പി.എമ്മുകാരായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ കാമറ വെച്ചവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും.

സ്ഥാനാര്‍ഥിയുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരും സി.പി.എം ബന്ധമുള്ളവരാണ്. കൊല്ലത്ത് അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രി സിപി.എം പ്രദേശിക നേതാവാണ്. പാലക്കാട് സ്വദേശി ശിവദാസന്‍ കെ.റ്റി.ഡി.സിയിലെ താല്‍കാലിക ജീവനക്കാരനും സി.ഐ.ടി.യു യൂണിയന്‍ അംഗവുമാണ്. എന്നിട്ടാണ് കോണ്‍ഗ്രസുകാരാണ് പ്രചരിപ്പിച്ചതെന്ന നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സി.പി.എമ്മില്‍ പരാതിയുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് വ്യാജ വിഡിയോ. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു.

ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം നടക്കുമ്പോള്‍ മുന്‍ മന്ത്രിയെ വിട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് കിട്ടാനുള്ള ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയത്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ തലതിരിഞ്ഞ സോഷ്യല്‍ എന്‍ജിനീയറിങ് ആണ്.

വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണിത്. ഇത് വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിര്‍ണായക ചലനങ്ങളുണ്ടാക്കും. മതേതര കേരളത്തിന് ഊര്‍ജം പകരുന്ന നിലപാടാണ് യു.ഡി.എഫ് എടുത്തിരിക്കുന്നത്. മതേതരവാദികളുടെ വോട്ട് യു.ഡി.എഫിന് ലഭിക്കും. അതായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ സമൂഹിക രംഗങ്ങളെ നിയന്ത്രിക്കാന്‍ പോകുന്ന സുപ്രധാന ഘടകം. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കും.

സി.പി.എമ്മിന് ഇഷ്ടമുള്ള ആളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതു കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നതെന്നും മുഖ്യമന്ത്രിയും സി.പി.എമ്മുമാണ് കെ റെയിലിനെ കുറിച്ച് മിണ്ടാത്തതെന്നും കമീഷന്‍ റെയില്‍ കേരളത്തെ ശ്രീലങ്കയാക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
TAGS:VD Satheesan Thrikkakara byelection 
News Summary - Kerala opposition leader VD Satheesan slams CPM ; alleges rampant fraud in voter's list
Next Story