ബൈക്കിൽ കാറിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു
text_fieldsകൊട്ടാരക്കര: ഉല്ലാസയാത്രക്ക് ശേഷം ബൈക്കിൽ മടങ്ങവെ കാറുമായി കൂട്ടിയിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. കണ്ണൂർ പയ്യന്നൂർ ചൈതന്യയിൽ അജയകുമാറിെൻറ മകൾ ചൈതന്യ (20), കൊല്ലം കേരളപുരം മണ്ഡപം ജങ്ഷൻ വസന്ത നിലയത്തിൽ വിജയെൻറ മകൻ ബി.എൻ. ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) വിദ്യാർഥികളാണ് ഇരുവരും. വ്യാഴാഴ്ച രാത്രി 10.30ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിയിലായിരുന്നു അപകടം.
കോളജിലെ വിദ്യാർഥിസംഘം അഞ്ച് ബൈക്കുകളിലായി വ്യാഴാഴ്ച രാവിലെയാണ് തെന്മലയിലും സമീപ പ്രദേശത്തും ഉല്ലാസയാത്രക്കെത്തിയത്. മടക്കയാത്രക്കിടെ കുന്നിക്കോട് ചേത്തടിക്കും ചെങ്ങമനാടിനും ഇടയിലെത്തിയപ്പോൾ ബുള്ളറ്റിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഗോവിന്ദിനെയും ചൈതന്യയെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും ഗോവിന്ദ് മരിച്ചു. ഗുരുതരാവസ്ഥയിലായ ചൈതന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
കാറിലുണ്ടായിരുന്ന പത്തനാപുരം പനമ്പറ്റ സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചശേഷം വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ഗോവിന്ദിെൻറ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുള്ളറ്റിനെ കാർ ഏറെദൂരം നിരക്കിക്കൊണ്ടുപോയി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്നു. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. കുന്നിക്കോട് പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

