നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പള വർധന; മിനിമം വേജസ് കമ്മിറ്റിയിൽ അംഗീകാരം
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പള വർധനക്ക് മിനിമം വേജസ് കമ്മിറ്റിയുടെ അംഗീകാരം. ജൂലൈ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമുള്ള ശമ്പള വർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലേബർ കമീഷണർ കെ. ബിജു യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ, മാനേജ്മെൻറുകൾ ശിപാർശകളെ എതിർത്തു. ഷിഫ്റ്റ് സമ്പ്രദായം, ശമ്പള വർധന, െട്രയിനിങ് സമ്പ്രദായം എന്നിവയിലും അവർ വിയോജിപ്പ് രേഖപ്പെടുത്തി.
വിയോജനക്കുറിപ്പ് അടക്കമുള്ളവ ഉൾപ്പെടുത്തിയ റിപ്പോർട്ടാകും ലേബർ കമീഷണർ തൊഴിൽ സെക്രട്ടറിക്ക് കൈമാറുക. റിപ്പോർട്ട് പരിഗണിച്ചശേഷം തൊഴിൽ വകുപ്പ് ഇനി കരട് വിജ്ഞാപനം തയാറാക്കും. ആക്ഷേപമുള്ളവർക്ക് അത് അറിയിക്കുന്നതിനുള്ള അവസരവും ലഭിക്കും. വീണ്ടും ചർച്ചകൾക്കുശേഷമായിരിക്കും അന്തിമ വിജ്ഞാപനം സർക്കാർ ഇറക്കുക. ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പാക്കണമെന്നാണ് സമിതിയുടെ ശിപാർശ.
നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം എന്ന സർക്കാർ നിർദേശം മിനിമം വേതനസമിതി അംഗീകരിച്ചു. കിടക്കകളുടെ എണ്ണമനുസരിച്ച് 20,000 രൂപ മുതൽ 35,000 രൂപവരെയാണ് നഴ്സുമാർക്ക് ശമ്പളം ലഭിക്കുക. നഴ്സുമാർക്ക് പുറമെ ജീവനക്കാർക്ക് 16,000 രൂപ മുതൽ 27,000 രൂപ വരെയും ലഭിക്കും. അതേസമയം, ചർച്ചയിൽ ആശുപത്രി മാനേജുമെൻറുകൾ പൂർണമായും സഹകരിച്ചുവെന്ന് ലേബർ കമീഷണർ കെ. ബിജു പറഞ്ഞു. ചില കാര്യങ്ങളിലുണ്ടായ എതിർപ്പ് അവർ എഴുതിനൽകിയതായും അദ്ദേഹം അറിയിച്ചു. സർക്കാർ ഏകപക്ഷീയമായി ശമ്പളവർധന നടപ്പാക്കിയാൽ അത് വൻ നഷ്ടമുണ്ടാക്കുമെന്നാണ് മാനേജ്മെൻറുകൾ നിലപാട് അറിയിച്ചത്. ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.പി. സഹദേവൻ, എ. മാധവൻ, കെ.ആർ. ഭഗീരഥി, ജാസ്മിൻഷാ, ലിബിൻ തോമസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
