ഗുണ്ടാവിരുദ്ധ സ്ക്വാഡ്: വികേന്ദ്രീകൃത സംവിധാനം രൂപവത്കരിച്ചു
text_fieldsതിരുവനന്തപുരം: ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വികേന്ദ്രീകൃത സംവിധാനം രൂപവത്കരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. സംസ്ഥാനത്താകെയുള്ള ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുടെ മേല്‍നോട്ട ചുമതല പൊലീസ് ട്രെയിനിങ് കോളജ് (പി.ടി.സി) പ്രിന്‍സിപ്പല്‍ പി. പ്രകാശിനായിരിക്കും. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ എസ്.ഐ റാങ്കുവരെയുള്ള 10 പേരടങ്ങുന്ന സംഘം സംസ്ഥാനതലത്തില്‍ എസ്.പിയുടെ കീഴിലുണ്ടാകും. പി.ടി.സി ആസ്ഥാനമായി ഇവര്‍ പ്രവര്‍ത്തിക്കും.
സംസ്ഥാനതല സ്ക്വാഡിന്‍െറ ഭാഗമായി എസ്.സി.ആര്‍.ബി എസ്.പിയും പ്രവര്‍ത്തിക്കും. ഗുണ്ടാസംഘങ്ങളെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന ചുമതല എസ്.സി.ആര്‍.ബി എസ്.പി നിര്‍വഹിക്കും. സ്ക്വാഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍റലിജന്‍സ് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഇന്‍റലിജന്‍സ് ആസ്ഥാനത്ത് ‘ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍റലിജന്‍സ്’ വിഭാഗവും രൂപവത്കരിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട് മേഖലകളായി തിരിച്ചായിരിക്കും ഇതിന്‍െറ പ്രവര്‍ത്തനം.
എറണാകുളം സിറ്റി-20, തിരുവനന്തപുരം സിറ്റി-18, തിരുവനന്തപുരം റൂറല്‍-15, കോഴിക്കോട് സിറ്റി-15, കൊല്ലം സിറ്റി-10, തൃശൂര്‍ സിറ്റി-10 ക്രമത്തിലും മറ്റ് ജില്ലകളില്‍നിന്നും 10 പേര്‍ വീതവും അംഗങ്ങള്‍ ജില്ലാ ഗുണ്ടാവിരുദ്ധ സ്ക്വാഡിലുണ്ടാകും. ജില്ല സ്ക്വാഡുകളുടെ മേല്‍നോട്ടം ജില്ല പൊലീസ് മേധാവികള്‍ നിര്‍വഹിക്കും. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി മാസംതോറും അവലോകനയോഗം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.