വെള്ളാപ്പള്ളിയെ തിരുത്താൻ സർക്കാർ തയാറാവണം, നടപടി സ്വീകരിക്കണം -കേരള മുസ്‍ലിം ജമാഅത്ത്
text_fieldsകോഴിക്കോട്: വെള്ളാപ്പള്ളിയുടെ വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകളെ ക്രമസമാധാന പ്രശ്നമായിക്കണ്ട് നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയോട് ഈ വിഷയത്തിലുള്ള സർക്കാറിന്റെ സമീപനം തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖലീൽ തങ്ങൾ.
കേരളത്തിന്റെ മതസൗഹാർദവും ഒത്തൊരുമയും കൂട്ടായ്മയും തകർക്കാൻ ആരെയും അനുവദിക്കരുത്. വിഭാഗീയതയും വർഗീയതയും വേണ്ട എന്നാണ് സമൂഹം തീരുമാനിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ആരും അംഗീകരിക്കുന്നില്ല. ഇനി സർക്കാർ നടപടി സ്വീകരിക്കണം. അത് സർക്കാറിന്റെ ബാധ്യതയാണ്.
സുന്നി ഐക്യം എത്രയും വേഗം യാഥാർഥ്യമാവട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. മുറിവുകളൊക്കെ ഉണങ്ങിക്കഴിഞ്ഞു. കാന്തപുരം അബൂബക്കർ മുസ്‍ല്യാർ ഐക്യത്തിന്റെ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. സുന്നി ഐക്യത്തിന് രാഷ്ട്രീയമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് മനസിലാക്കുന്നത്. ലീഗ് അതിന് തടസ്സമാണെന്ന് കരുതുന്നില്ല -ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കേരള യാത്ര ഉപനായകൻ പേരോട് അബ്ദുറഹ്മാൻ സഖാഫി, കൺവീനർ സി. മുഹമ്മദ് ഫൈസി, മജീദ് കക്കാട് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

