മീഡിയവണിനെതിരായ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കും- കെ. സുധാകരൻ; പാർലമെന്റിൽ ഇടപെടൽ നടത്തും-ഇ.ടി
text_fieldsമീഡിയവണിനെതിരായ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് ഇ.ടി. മുഹമ്മദ് ബഷീർ സംസാരിക്കുന്നു
ന്യൂഡൽഹി: മീഡിയവണിനെതിരായ സംപ്രേഷണ വിലക്കിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കും. അപ്രതീക്ഷിതമായി മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്താൻ കേന്ദ്ര സർക്കാരോ അധികൃതരോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എം.പിമാർക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സർക്കാറിനോട് എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറുമായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ കൂടിക്കാഴ്ച നടത്തി. നടപടി ഉണ്ടായത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നു പറഞ്ഞ മന്ത്രി തന്റെ നിസ്സഹായാവസ്ഥ തങ്ങളെ ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
മീഡിയവൺ ചാനലിന് എതിരായ കേന്ദ്രസർക്കാർ നീക്കത്തിൽ പാർലമെന്റിൽ ഇടപെടൽ നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയ വിപത്താണ് മുമ്പിൽ കാണേണ്ടതെന്നും ബഷീർ കൂട്ടിച്ചേർത്തു. 'ഒരു മാധ്യമത്തിന്റെയോ മീഡിയവണിന്‍റെയോ മാത്രം പ്രശ്‌നമല്ലിത്. ഇത് വലിയൊരു സൂചനയാണ്. ഇന്ത്യയിൽ ഇന്ന് നടക്കുന്ന കാര്യങ്ങളുടെ പരിച്ഛേദമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു വിപത്തിനെയാണ് നാം മുമ്പിൽ കാണേണ്ടത്'- ബഷീർ പറഞ്ഞു.
സ്വാഭാവിക നീതി പോലും മീഡിയവണിന് നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ജനാധിപത്യത്തിന്റെ നാലാം തൂണിനു നേരെയുള്ള വെല്ലുവിളിയാണ്. കൊലക്കുറ്റത്തിന് വിധിക്കപ്പെട്ടവരിൽ നിന്നുപോലും അവർക്ക് പറയാനുള്ളത് കേൾക്കും. അത് അംഗീകൃതമായ നിയമതത്വമാണ്. അതുപോലും ലംഘിക്കപ്പെട്ടു. വലിയ അപകടം വരാൻ പോകുന്നു എന്നതിലുള്ള എതിർപ്പാണ് നമ്മൾ കാണിക്കേണ്ടത്. ഇതിൽ കേരളത്തിലെ എം.പിമാർ ഒരു മാതൃക കാണിക്കുകയാണ്. ഈ വിവരം കിട്ടിയതിന് പിന്നാലെ വാർത്താ വിതരണ മന്ത്രിയെ കണ്ടു. ആഭ്യന്തര മന്ത്രിയെ ഞങ്ങൾ നാളെ കാണും. കാര്യങ്ങൾ സംസാരിക്കും. ഞങ്ങൾ മിണ്ടാതിരിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ഏതു ഘട്ടത്തിലും ഞങ്ങൾ ശക്തമായി ഇടപെടും. പരിഹാരത്തിനായി യത്‌നിക്കും'- അദ്ദേഹം വ്യക്തമാക്കി. കക്ഷി ഭേദമെന്യേ കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മീഡിയവണിന്റെ വായടപ്പിക്കാൻ പൊക്കിയ കൈ കേന്ദ്ര സർക്കാർ താഴ്ത്തിയിടണം -ബിനോയ് വിശ്വം
മീഡിയവണിന്റെ വായടപ്പിക്കാൻ പൊക്കിയ കൈ കേന്ദ്ര സർക്കാർ താഴ്ത്തിയിടണമെന്നും മീഡിയവണിനെ വെട്ടിയൊതുക്കാൻ ഓങ്ങിയ വാൾ ഉറയിലിടണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യമൂല്യത്തിന്റെയും പൗരാവകാശത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അർഥമറിയാമെങ്കിൽ ബി.ജെ.പി സർക്കാർ ഈ തെറ്റ് തിരുത്തണം. മാധ്യമങ്ങൾ സർക്കാറിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങിയേ പ്രവർത്തിക്കാവൂ, ഓരോ വാർത്തയും നൽകാവൂ എന്ന് വന്നാൽ അത് അന്തസ്സുള്ളവർക്ക് പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോൺ ബ്രിട്ടാസ്, എം.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ. പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, എം.വി. ശ്രേയാംസ്കുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
മീഡിയവണിനുള്ള വിലക്ക് ഒറ്റപ്പെട്ട സംഭവമല്ല -ശ്രേയാംസ് കുമാർ
മീഡിയവണിനുള്ള വിലക്ക് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും വരാനിരിക്കുന്നതിന്‍റെ മുന്നോടിയായിട്ടാണ് കാണേണ്ടതെന്നും ശ്രേയാംസ് കുമാർ എം.പി. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ കൂച്ചുവിലങ്ങാണ് ഈ സർക്കാറിടുന്നത്. മിക്കവാറും മാധ്യമസ്ഥാപനങ്ങളെ വരുതിയിൽ നിർത്താനുള്ള വളരെ ആസൂത്രിതമായ നീക്കമാണ് ബി.ജെ.പി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. നാളെ പലതിന്‍റെയും പേരിൽ ഏത് മാധ്യമ സ്ഥാപനത്തിന്‍റെയും സംപ്രേഷണം നിർത്തിവെപ്പിക്കാനോ ഡിജിറ്റൽ മീഡിയകളെ തടയാനോ ഉള്ള നീക്കത്തിന്‍റെ ആദ്യപടിയായിട്ടാണ് ഇതിനെ കാണുന്നത്. കഴിഞ്ഞയാഴ്ച എന്താണ് കാരണമെന്നറിയാതെ ഏകദേശം 50ാളം യൂട്യൂബ് ചാനലുകളെ നിരോധിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഇടം നൽകാത്ത രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് ബി.ജെ.പി നടത്തുന്നത്. ഞങ്ങളെല്ലാം ദേശസ്നേഹികളാണ്. രാജ്യരക്ഷയും ദേശസ്നേഹവും നിർവചിക്കേണ്ടത് ബി.ജെ.പിയുടെ മാത്രം ചുമതലയല്ല. അവർക്ക് എതിരെ എന്തെങ്കിലും പറയുമ്പോൾ അത് ദേശവിരുദ്ധമാകുക. ഇത് ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്. ഞാനും ബ്രിട്ടാസും മാധ്യമസ്ഥാപനം നടത്തുന്നവരാണ്. നാളെ ആർക്കെതിരിലും ഈ നീക്കങ്ങൾ വരാം -ശ്രേയാംസ് കുമാർ പറഞ്ഞു.
പ്രകടമാകുന്നത് കേരളത്തിന്‍റെ ഐക്യദാർഢ്യം -എൻ.കെ പ്രേമചന്ദ്രൻ
അനിഷ്ടകരവും അപ്രിയകരവുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരികയെന്ന ഭയത്തിന്‍റെ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ദേശസുരക്ഷയുടെ പേരിൽ ഏത് വാർത്താ ചാനലിനെയും മാധ്യമത്തെയും നിരോധിക്കാനുള്ള ഏകപക്ഷീയമായ അമിതാധികാരം ഭരണകൂടത്തിന് നൽകുന്നു എന്ന് പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂച്ചുവിലങ്ങിടുന്ന സംഭവമാണ്. ഒരു തരത്തിലും ഇത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ശക്തമായ നിയമ നിർമാണം ആവശ്യമാണെന്ന് മീഡിയവൺ നിരോധനം വ്യക്തമാക്കുന്നു. മാധ്യമസമൂഹത്തോടുള്ള കേരളത്തിന്‍റെ ഐക്യദാർഢ്യമാണ് ഈ കൂട്ടായ്മതിലൂടെ പ്രകടമാകുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
വാർത്താ വിതരണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉപവകുപ്പായി -ബ്രിട്ടാസ്
ആഭ്യന്തര വകുപ്പിന്‍റെ ഉപവകുപ്പായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇപ്പോൾ മാറിയിരിക്കുന്നു എന്നാണ് മീഡിയവണിനുള്ള വിലക്കിൽ നിന്ന് മനസിലാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി. പാർലമെന്‍റിൽ സമർപ്പിച്ച ഐ.ടി മന്ത്രാലയത്തിന്‍റെ സ്ഥിര സമിതി റിപ്പോർട്ടിന് വിരു'ധമാണ് ഈ നടപടി. ഏതൊരു ചാനലിന്‍റെയും ലൈസൻസ് റദ്ദാക്കും മുമ്പ് അതിന് ഒരു പ്രക്രിയ വേണമെന്ന് പാർലമെന്‍റ് സ്ഥിര സമിതി സർക്കാറിനോട് ആവശ്യപ്പെട്ടതാണ്. കേന്ദ്ര സർക്കാർ ചെയ്തത് പാർലമെന്‍റിനോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

