എസ്.ഐ.ആർ, ലേബർ കോഡ്: അടിയന്തര പ്രമേയ നോട്ടീസുമായി കേരള എം.പിമാർ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളത്തിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‍കരണം (എസ്.ഐ.ആർ) ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിനും രാജ്യസഭയിൽ ചട്ടം 267 പ്രകാരവും നോട്ടീസ് നൽകി മലയാളി എം.പിമാർ.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ലീഗ് അംഗം പി.വി. അബ്ദുൽ വഹാബാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾക്കും വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് വഹാബ് ചൂണ്ടിക്കാട്ടി.
ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് സി.പി.എം അംഗം വി. ശിവദാസൻ എം.പി രാജ്യസഭ ചെയർമാന് നോട്ടീസ് നൽകിയത്. തൊഴിലാളികളെ പിരിച്ചുവിടാനുള്ള പ്രക്രിയ എളുപ്പമാക്കിക്കൊടുക്കുന്ന കോഡുകൾ, സ്ഥിരംതൊഴിൽ എന്ന സങ്കൽപത്തെത്തന്നെ അട്ടിമറിക്കുകയാണെന്ന് വി.ശിവദാസൻ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തീർത്തും പരാജയപ്പെട്ടിരിക്കുകയാണെന്നും വിഷയം ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

