ശ്രീ വിടാതെ; പി.എം ശ്രീയിൽ കേരളം മുന്നോട്ട്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സ്വകാര്യമായി ഒപ്പിട്ട് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേന്ദ്രസർക്കാറിന്റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതി ‘പി.എം ശ്രീ’യിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ. വ്യവസ്ഥകളിൽ ഇളവ് വരുത്തി പദ്ധതിയിൽ മുന്നോട്ടുപോകാൻ സർക്കാർ വഴി തേടും. വിഷയം പഠിച്ച് സംസ്ഥാനത്തിന്റെ ആശയപരമായ നിലപാട് തയാറാക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
സ്കൂൾ പാഠ്യപദ്ധതി (കരിക്കുലം) തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ അനുവദിക്കില്ല, പദ്ധതിക്കുള്ള സ്കൂളുകൾ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാറായിരിക്കും എന്നീ വ്യവസ്ഥകളിൽ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും തുടർനപടികൾ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ ഉപസമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കും.
കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ കേരള സർക്കാർ പദ്ധതിയിൽ പങ്കാളിയാണെന്നും തുടരാൻ നിർബന്ധിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ അജണ്ട നടപ്പാക്കാൻ സമ്മതിക്കാതെ പാഠ്യപദ്ധതിയിൽ പൂർണ സ്വാതന്ത്ര്യത്തോടെയേ പി.എം ശ്രീ നടപ്പാക്കൂ. ഒപ്പുവെച്ചതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ചിരുന്ന 99 കോടി രൂപയിലധികം രൂപ കേരളം വാങ്ങി. ഇതിനുപുറമെ 106 കോടി കേന്ദ്രസർക്കാർ അനുവദിക്കുകയും ചെയ്തു. പാഠ്യപദ്ധതി സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിലാണ് ആശയപരമായ എതിർപ്പ്. വിദ്യാഭ്യാസ വിഷയത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ബലികഴിക്കാതെ എന്തുചെയ്യാമെന്നാണ് ആലോചിക്കുന്നത്. അതുമാത്രമേ ഒപ്പുവെച്ച പദ്ധതിയുടെ കാര്യത്തിൽ ആലോചിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനവകുപ്പിന്റെ ക്ലിയറൻസടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. മാത്രമല്ല, ഒപ്പുവെച്ച ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കാത്തവിധം കൂട്ടായ തീരുമാനമെടുക്കാനാണ് ധാരണയിലെത്തിയത്. എല്ലാ സർക്കാറുകളും പദ്ധതിയിൽ ഒപ്പുവെച്ചു. ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നായിരുന്നു അന്നത്തെ സർക്കാർ പറഞ്ഞത്. അങ്ങനെ പറഞ്ഞവർ മന്ത്രിസഭാംഗങ്ങളെപോലും ഇരുട്ടിൽ നിർത്തി സ്വകാര്യമായി ഒപ്പുവെക്കുകയാണ് ചെയ്തത്. ഒപ്പുവെക്കരുതെന്ന് മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ വാദിച്ചുകൊണ്ടിരിക്കുമ്പോൾ, ഒപ്പുവെച്ച വിവരം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അറിയാമായിരുന്നു -സതീശൻ പറഞ്ഞു.
സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച 1,100 കോടി രൂപ കൂടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ട്. ഈ പണം കേന്ദ്രത്തിന്റെ ഔദാര്യമല്ല. നമ്മൾ നൽകുന്ന ജി.എസ്.ടിയുടെ പകുതിയും വരുമാന നികുതി പൂർണമായും കൊണ്ടുപോകുന്നത് കേന്ദ്രസർക്കാറാണ്. കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള പണം അവകാശമാണ്.
പി.എം ശ്രീയിൽനിന്ന് പിന്മാറാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കേരളം കത്തയച്ചെന്ന വാദം മുഖ്യമന്ത്രി വി.ഡി സതീശൻ തള്ളി. ഒരു കത്തും പോയിട്ടില്ലെന്നും തൽക്കാലം മാറ്റിവെക്കാനുള്ള കത്താണ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന്റെ പകർപ്പ് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

