ഹൈവോൾട്ടേജിലേക്ക് ഏറ്റുമുട്ടൽ രാഷ്ട്രീയം
text_fieldsകോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസിന് നേരെ പ്ലാസ്റ്റിക് പൈപ്പുകൾ എറിയുന്നു- അരവിന്ദ് ലെനിൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പോരാട്ടം കടുപ്പിച്ചതിന് പിന്നാലെ മന്ത്രിക്ക് പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങുമെന്ന ഇടത് യുജവന സംഘടനകളുടെ പ്രഖ്യാപനത്തോടെ ഇടവേളക്കുശേഷം കേരളം വീണ്ടും ചൂടേറിയ ഏറ്റുമുട്ടൽ രാഷ്ട്രീയത്തിലേക്ക്.
മന്ത്രിയുടെ രാജി ആവശ്യം ശക്തിപ്പെടുത്തി സർക്കാറിനെ സമ്മർദത്തിലാക്കാനാണ് യു.ഡി.എഫ് ശ്രമം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വസം ഇന്ധനമാക്കിയാണ് തെരഞ്ഞെടുപ്പ് വർഷത്തിൽ സർക്കാറിനെതിരെയുള്ള കടന്നാക്രമണത്തിന് പ്രതിപക്ഷം മൂനകൂർപ്പിക്കുന്നത്.
അതേസമയം യു.ഡി.എഫ് സമരങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഇടതുയുവജന സംഘടനകളുടെയും ശ്രമം. ഡി.വൈ.എഫ്.ഐ നേതാക്കളുടെ വാർത്തസമ്മേളനത്തിലെ പരാമർശങ്ങൾ ഈ നിലയ്ക്കുള്ള വ്യക്തമായ സൂചനകളുമാണ്. ജനകീയ പ്രശ്നമെന്ന നിലയിൽ സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ടാണ് ഇതിന് മുമ്പ് പ്രതിപക്ഷവും ഭരണപക്ഷവും നേർക്കുനേർ ഏറ്റുമുട്ടിയത്. സർവേക്കായി സ്ഥാപിച്ച കല്ല് എടുത്തുമാറ്റിയവർക്ക് നേരെ കൈയേറ്റ ശ്രമങ്ങളുമുണ്ടായിരുന്നു. ‘തൂണൊക്കെ പറിച്ചാൽ ഇനിയും അടി കിട്ടു’മെന്നായിരുന്നു അന്ന് നിയമസഭയിൽ ഒരു സി.പി.എം അംഗം പ്രസംഗിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിതോടെ സിൽവർ ലൈൻ നടപടികളെല്ലാം സർക്കാർ വെച്ചുകെട്ടി. തീക്ഷ്ണമായ ജനകീയ പ്രശ്നമെന്ന നിലവിൽ സിൽവർ ലൈൻ സമരത്തിനൊപ്പം നിലകൊണ്ടത് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്തുവെന്നാണ് കോൺഗ്രസ് പിന്നീട് വിലയിരുത്തിയത്. സിൽവർ ലൈനിനെ അപേക്ഷിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ ഏറെ ബാധിക്കുന്നതാണ് സർക്കാർ ആതുരാലയങ്ങളുടെ ദയനീയാവസ്ഥ.
സാധാരണക്കാർ നേർക്കുനേർ അനുഭവിക്കുന്ന നീറുന്ന പ്രശ്നമെന്ന നിലയിൽ ഇതിന് പ്രഹരശേഷിയുമേറെയാണ്. ഈ വിഷയം മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു. ഒമ്പത് വർഷം ഭരിച്ചിട്ടും ‘സിസ്റ്റത്തിന്റെ പ്രശ്നമുണ്ടെ’ന്ന ആരോഗ്യമന്ത്രിയുടെ പരാമർശം കുറ്റസമ്മതമായി ഉയർത്തിക്കാട്ടാണ് കോൺഗ്രസ് ശ്രമം.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കരിങ്കൊടി കാണിക്കാനുള്ള കോൺഗ്രസ് നീക്കവും അതിനെ സി.പി.എം പ്രവർത്തകരും പൊലീസും നേരിട്ടതും ഏറ്റുമുട്ടലുകൾക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധത്തെ അടിച്ചൊതുക്കിയതിനെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തന’മെന്ന് വിശേഷിപ്പിച്ചതും അന്ന് വിവാദമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.