ഒളിവിൽ കഴിഞ്ഞ കെ.എസ്.ഇ.ബി കോളനിയിൽ മന്ത്രിയായി സണ്ണി ജോസഫെത്തി
text_fieldsമൂലമറ്റത്ത് എത്തിയ മന്ത്രി സണ്ണി ജോസഫ് പവർ ഹൗസ് സന്ദർശിക്കുന്നു
മൂലമറ്റം: അഞ്ചു പതിറ്റാണ്ടു മുമ്പ് പൊലീസ് കേസിൽപെട്ട് ഒരാഴ്ച കെ.എസ്.ഇ.ബി കോളനിയിലെ ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ സണ്ണി ജോസഫ് വർഷങ്ങൾക്കുശേഷം കെ.എസ്.ഇ.ബിയുടെ ചുമതലയുള്ള മന്ത്രിയായി മൂലമറ്റത്ത് തിരിച്ചെത്തിയത് കൗതുകമായി. അരനൂറ്റാണ്ട് മുമ്പ് ഒളിവിൽ കഴിഞ്ഞത് കെ.എസ്.യു വിദ്യാർഥിയായായിരുന്നെങ്കിൽ സണ്ണി ജോസഫ് വീണ്ടും മൂലമറ്റത്തെത്തിയത് വൈദ്യുതി മന്ത്രിയായാണ്.
1972ൽ തൊടുപുഴ ന്യൂമാൻ കോളജിൽ വിദ്യാർഥിയായിരിക്കെയാണ് സണ്ണി ജോസഫ് പൊലീസ് കേസിൽപെടുന്നത്. കോളജിലെ അറ്റൻഡൻസ് ബുക്ക് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ലായിരുന്നുവെന്നും ജാമ്യമില്ലാ വകുപ്പിൽ കേസിൽപെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവം ക്രിമിനൽ കേസായി മാറുകയും സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിക്കുകയും ചെയ്തു.
ഇതോടെ കുറച്ചുകാലത്തേക്ക് മാറിനിൽക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കണ്ട സണ്ണി ജോസഫും സുഹൃത്തായ വിജയകുമാർ പി. നായരും ഒളിവിൽ പോകാൻ തീരുമാനിച്ചു. വിജയകുമാർ പി. നായർ പിന്നീട് മജിസ്ട്രേറ്റായി. അദ്ദേഹത്തിന്റെ ബന്ധുവും കെ.എസ്.ഇ.ബി എൻജിനീയറുമായ പങ്കജാക്ഷന്റെ മൂലമറ്റത്തെ ക്വാർട്ടേഴ്സിലായിരുന്നു ഇരുവരുടെയും ഒരാഴ്ചയോളം നീണ്ട ഒളിവുജീവിതം. പിന്നീട് ആലപ്പുഴയിലെത്തിയ സണ്ണി അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനെ നേരിൽ കണ്ട് സംഭവം വിശദീകരിച്ചു. ഇതിനിടെ, കേസിലെ യഥാർഥ പ്രതികളെ പൊലീസ് പിടികൂടിയതോടെ ഒളിവുജീവിതത്തിനും വിരാമമായി. വർഷങ്ങൾക്കുശേഷം സണ്ണി ജോസഫ് അതേ മൂലമറ്റത്ത് എത്തിയപ്പോൾ വിദ്യാർഥിജീവിതത്തിലെ ആ സംഭവം മാധ്യമ സുഹൃത്തുക്കളോട് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

