ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ആഘോഷിക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം കത്തിനിൽക്കെ ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാര്‍ഷികം ആഘോഷിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശബരിമലയിലെ സർക്കാർ നിലപാട് ജനങ്ങളിലേക്ക് എത്തിക്കും. അതിന് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി. നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് ക്ഷേത്രപ്രവേശന വിളംബരമെന്നും കേരളം എങ്ങനെ ഇവിടെ വരെയെത്തി എന്ന ഒാർമപ്പെടുത്തൽ ആവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
നവംബര്‍ 10 മുതല്‍ 12 വരെയാണ് പരിപാടി. ജില്ലകളില്‍ ചുമലയുള്ള മന്ത്രിമാർ: തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രന്, കൊല്ലം - ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട - അഡ്വ. മാത്യു ടി. തോമസ്, ആലപ്പുഴ - ജി. സുധാകരന്, പി. തിലോത്തമന്, ഡോ. ടി.എം. തോമസ് ഐസക്, കോട്ടയം -അഡ്വ.കെ. രാജു, ഇടുക്കി - എം.എം. മണി, എറണാകുളം - പ്രഫ. സി. രവീന്ദ്രനാഥ്, തൃശൂര്‍ - എ.സി. മൊയ്തീന്, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് -എ.കെ. ബാലന്, മലപ്പുറം -ഡോ. കെ.ടി. ജലീല്‍, കോഴിക്കോട് - ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, വയനാട് -രാമചന്ദ്രന് കടന്നപ്പള്ളി, കണ്ണൂര്‍ - ഇ.പി. ജയരാജന്, കെ.കെ. ശൈലജ, കാസർകോട് - ഇ. ചന്ദ്രശേഖരന്.
ആധാര പണയം ഒഴിയൽ:
രജിസ്ട്രേഷൻ ഫീസ് കുറയ്ക്കും
തിരുവനന്തപുരം: ആധാര പണയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന അതേ ഫീസ് തിരിച്ചെടുക്കുമ്പോഴും പണയം ഒഴിയുമ്പോഴും റദ്ദാക്കുമ്പോഴും ഈടാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് 1908ലെ രജിസ്ട്രേഷന് നിയമത്തിലെ ഫീസ് പട്ടികയില്‍ ഭേദഗതി വരുത്തും. പണയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ (ഡിപ്പോസിറ്റ് ഒാഫ് ടൈറ്റിൽ ഡീഡ്) രജിസ്ട്രേഷന് ഫീസായി ജാമ്യത്തുകയുടെ 0.1 ശതമാനമാണ് ഈടാക്കുന്നത്. എന്നാല്‍, റിലീസ് ഡീഡ് (ഒഴിവുമുറി) രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് ശതമാനം ഫീസ് വേണ്ടിവരുന്നു. ഇതുമൂലമുള്ള പ്രയാസം ഒഴിവാക്കാനാണിത്.
•കേരള അഭിഭാഷക ക്ഷേമനിധി പ്രവര്‍ത്തനം സുതാര്യമാക്കാൻ ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടിയും വില്പനയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും. കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
*ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ ഓരോ അംഗത്തിനും പരമാവധി മൂന്നുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും.
* ഉഴവൂര്‍ കെ.ആര്. നാരായണന് മെമ്മോറിയല്‍ ഗവണ്‍മെൻറ് സ്പെഷാലിറ്റി ആശുപത്രിയില്‍ അഞ്ച് ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് അടക്കം 12 തസ്തിക സൃഷ്ടിക്കും.
* 2018-19 സീസണില്‍ സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്ത് തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്ത് തേങ്ങയുടെ വില 75 രൂപയായും വര്‍ധിപ്പിക്കും.
വീട് പുനർനിർമാണത്തിന് കൂടുതൽ തുക
തിരുവനന്തപുരം: പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളിൽ തകർന്ന വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 75 ശതമാനവും അതിനുമുകളിലും നാശമുണ്ടായ വീടുകളെ പൂര്‍ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാർ മാനദണ്ഡപ്രകാരം പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുളള വിഹിതം ചേര്‍ത്ത് നാലു ലക്ഷം രൂപ ഓരോ വീടിനും നല്‍കും.
15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 4800 രൂപ അടക്കം 10,000 രൂപ നല്‍കും. 16-29 ശതമാനം നഷ്ടം - 60,000, 30-59 ശതമാനം നഷ്ടം -1.25ലക്ഷം, 60-74 ശതമാനം - 2.5 ലക്ഷം വീതമാണ് നൽകുക.
ഇതിനായി 1000 കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചെലവഴിക്കും. കേന്ദ്ര ദുരന്തപ്രതികരണനിധിയില്‍നിന്ന് 450 കോടി രൂപ മാത്രമാണ് നല്‍കുന്നത്. 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
