‘‘നാട്ടിൽ പോകണം’’; പ്രതിഷേധവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പഞ്ചായത്തോഫീസിന് മുന്നിൽ
text_fieldsകൊടിയത്തൂർ: നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തോഫീസിന്റെ മുന്നിലെത്തിയത് സംഘർഷത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നൂറിലധികം വരുന്ന തൊഴിലാളികൾ പഞ്ചായത്തോഫീസിന് മുന്നിൽ സംഘടിച്ചെത്തിയത്.
തങ്ങൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കണമെന്നും, ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികൾ കൂട്ടമായെത്തിയത്. സംഭവം പോലിസിനെ അറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസെത്തി വിരട്ടി ഓടിക്കുകയായിരുന്നു.
മൂന്നു ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലന്ന് അതിഥി തൊഴിലാളികൾ പറയുന്നു. തങ്ങൾക്ക് ലഭിക്കുന്നത് അരി മാത്രമാണ്, പച്ചക്കറികളും മറ്റും ലഭിക്കുന്നില്ല. ആഴ്ചകളാളം പണിക്ക് പോവാൻ സാധിക്കുന്നില്ല. ഈ രീതിയിൽ ഇനിയും കഴിയാനാവില്ലന്നും ഇവർ പറയുന്നു. അതേ സമയം പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് മൂന്ന് തവണ ഭക്ഷണ കിറ്റ് നൽകിയിട്ടുണ്ടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല പറഞ്ഞു.
കുറച്ച് ദിവസമായി പല തൊഴിലാളികളും നാട്ടിൽ പോവണമെന്നാവശ്യവുമായി പഞ്ചായത്തോഫീസിൽ വരാറുണ്ട്. അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ച് തിരിച്ചയക്കുകയാണ് പതിവ്. അതത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്നതിനനുസരിച്ച് െട്രയിൻ ലഭ്യമാവുന്ന മുറക്കേ നാട്ടിലേക്ക് പറഞ്ഞയക്കാൻ പറ്റൂഎന്നും പ്രസിഡൻറ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ല കലക്ടർ തദ്ദേശ സ്ഥാപന പ്രസിഡൻറുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജോലിക്ക് പോവാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുമതി നൽകിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്തോഫീസിൽ എത്തിച്ച സംഭവത്തിൽ മൂന്ന് തൊഴിലാളികളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.