ലാലിയുടെ ഹൃദയമിനി ലീനയിൽ മിടിക്കും...
text_fieldsകൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപിക ലാലിയുടെ ഹൃദയം ഇനി മിടിക്കുക എറണാകുളം കോതമംഗലം സ്വദേശി ലീനയിൽ. ലോക്ഡൗണിനിടെ നടന്ന അത്യപൂർവ ഹെലികോപ്ടർ ദൗത്യത്തിലൂടെയാണ് തലസ്ഥാനത്തുനിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവന്നതും ഉടൻ ശസ്ത്രക്രിയ നടത്തിയതും.
സംസ്ഥാന സർക്കാർ മാസങ്ങൾക്കു മുമ്പ് വാടകക്കെടുത്ത ഹെലികോപ്ടർ ആദ്യ ദൗത്യമെന്ന നിലക്കാണ് ശനിയാഴ്ച എയർ ആംബുലൻസായി പറന്നെത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെള്ളിയാഴ്ച മസ്തിഷ്ക മരണം സംഭവിച്ച അധ്യാപിക ലാലി ഗോപകുമാറിെൻറ ഹൃദയം ദാനം ചെയ്യാൻ വീട്ടുകാർ തീരുമാനിച്ചതിനെതുടർന്ന്, സർക്കാറിെൻറ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ലീനക്ക് നൽകാൻ നടപടി തുടങ്ങുകയായിരുന്നു.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന (ഇസ്കീമീക് കാർഡിയോ മയോപതി) രോഗമുള്ള ലീന ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ ഒ.പിയിൽ കണ്ടുകൊണ്ടിരിക്കെയാണ് തിരുവനന്തപുരത്തുനിന്ന് വിളിയെത്തിയത്. ഉടൻ ശസ്ത്രക്രിയ െചയ്യാമെന്ന് തീരുമാനമെടുത്തു. തുടർന്ന്, ആശുപത്രി ഡയറക്ടർ ഫാ.പോൾ കരേടൻ, മുൻ എം.പി പി.രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ടു. മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് കാര്യങ്ങൾക്ക് വേഗം കൈവരിച്ചത്. ഡോ.ജോസ് ചാക്കോയും സംഘവും തിരുവനന്തപുരത്തെത്തി, ശസ്ത്രക്രിയയിലൂടെ ഹൃദയം പുറത്തെടുത്ത് വൈകാതെ തിരിച്ചു പറന്നു.
40 മിനിറ്റ് പറന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിെൻറ ഹെലിപ്പാഡിൽ 3.50ഓടെ എത്തിച്ച ഹൃദയം എ.സി.പി കെ.ലാൽജിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസൊരുക്കിയ ഗ്രീൻ കോറിഡോറിലൂടെ പത്തു മിനിറ്റിനകം ആശുപത്രിയിലെത്തി. നാലിന് തുടങ്ങിയ ശസ്ത്രക്രിയ ആറുമണിക്കൂർ നീണ്ടു.
ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.രണ്ടുമാസമായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന തങ്ങൾക്ക് ഇത്രപെട്ടെന്ന് യോജിച്ച ഹൃദയം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദുഃഖകരമായ വേളയിൽ പോലും ലാലിയുടെ കുടുംബം ഇത്ര വലിയൊരു പുണ്യം ചെയ്തതിൽ ഏറെ നന്ദിയുണ്ടെന്നും ലീനയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
