കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ റമദാനിനെ വരവേറ്റ് മലബാറിലെ മക്ക
text_fieldsപൊന്നാനി: കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ റമദാനിനെ വരവേറ്റ് മലബാറിലെ മക്കയായ പൊന്നാനി. പള്ളികൾ പെയിന്‍റടിച്ചും വർണ വിളക്കുകൾ തൂക്കിയും ശുചീകരിച്ചും റമദാനിനെ വരവേൽക്കാൻ നേരത്തേ തയാറായി. രണ്ടു വർഷമായി പള്ളികളിൽ നടക്കാത്ത സമൂഹ നോമ്പുതുറ ഇത്തവണ പുനരാരംഭിക്കും. 50 മുതൽ 100 വരെ ആളുകൾ ഒട്ടുമിക്ക പള്ളികളിലും നോമ്പുതുറക്കുണ്ടാകും. ജ്യൂസ്, പഴവർഗങ്ങൾ, പൊരിക്കടികൾ എന്നിവയാണ് നോമ്പുതുറ വിഭവങ്ങളായുണ്ടാകുക. ഓരോ ദിവസത്തേയും നോമ്പുതുറ ഓരോ വ്യക്തികളുടെ വകയായിരിക്കും.
റമദാനിലെ പകലുകളിലും രാത്രികളിലും നടന്നിരുന്ന പ്രഭാഷണ പരിപാടികൾക്കും തുടക്കമായി. ളുഹ്ർ നമസ്കാര ശേഷവും രാത്രി നമസ്കാര ശേഷവുമാണ് പ്രഭാഷണങ്ങളുണ്ടാകുക. കഴിഞ്ഞ രണ്ടു വർഷം ഇത് തീരേ നടന്നിരുന്നില്ല. 30 ദിവസങ്ങളിലും പ്രഭാഷണം നടക്കുന്ന പള്ളികളുണ്ട്.
രാത്രിയിലെ തറാവീഹ് നമസ്കാരത്തിന് വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കിയവരെയാണ് നിരവധി പള്ളികൾ ഇമാമുമാരായി നിശ്ചയിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. മനോഹരമായ ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവർ എന്ന നിലയിലാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരെ ഇതിനായി പരിഗണിക്കുന്നത്. നാട്ടുകാരായ നിരവധി കുട്ടികൾ ഖുർആൻ മനഃപാഠമാക്കിയവരായുണ്ട്. ഇവരും പള്ളികളിൽ ഇമാമുമാരായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
പാലിയേറ്റിവ് കെയർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ വിശുദ്ധ റമദാനിൽ നടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് ഒരു വർഷത്തെ പ്രവർത്തനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ നിയന്ത്രണങ്ങൾ ഫണ്ട് സമാഹരണത്തെ കാര്യമായി ബാധിച്ചിരുന്നു.
പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഫണ്ട് ശേഖരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ സാമ്പത്തിക ക്ഷീണം മറികടക്കാൻ വിവിധ കർമ പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. പള്ളികൾ കേന്ദ്രീകരിച്ചുള്ള സകാത് സെല്ലിന്‍റെ പ്രവർത്തനവും സജീവമാക്കാനാണ് തീരുമാനം. ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനമെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി തീരേ നടക്കാത്തതാണിത്. റമദാൻ വിപണികളും ഇത്തവണ സജീവമാണ്. വിവിധയിനം പഴവർഗങ്ങൾ വിപണിയിലെത്തി. വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ സുലഭമാണ്. നോമ്പുതുറ ലക്ഷ്യമിട്ടുള്ള പൊരിക്കടികളുടെ കൗണ്ടർ പാതയോരങ്ങളിൽ ഒരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

