അബ്സ്ട്രാക്ട് പെയിന്റിങ് ആയതിനാൽ രൂപങ്ങളുടെ നിർവചനം സാധ്യമല്ല -ഭാഗ്യക്കുറിയിലെ ചിത്രത്തെക്കുറിച്ചുള്ള വിവാദത്തിൽ വിശദീകരണം
text_fieldsതിരുവനന്തപുരം: സുവർണ കേരളം ഭാഗ്യക്കുറിയിലെ ചിത്രം സംബന്ധിച്ച് വിവാദമുയർന്നതോടെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്നാണ് ഭാഗ്യക്കുറി വകുപ്പിന്‍റെ വിശദീകരണം.
മത ചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണണങ്ങളോ ലോട്ടറിയിൽ ഉൾപ്പെട്ടിട്ടുള്ളതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അബ്സ്ട്രാക്ട് രീതിയിലുള്ള പെയിന്റിങ് ആയതിനാൽ അതിൽ ഉൾപ്പെട്ട രൂപങ്ങളുടെ നിർവചനം സാധ്യമല്ല. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളിൽ ചിത്രങ്ങൾ അച്ചടിക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും തമ്മിൽ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം വിവിധ ആർട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. നൂറുകണക്കിന് പെയിന്റിങ്ങുകൾ ഭാഗ്യക്കുറി ടിക്കറ്റുകളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട് -എന്നിങ്ങനെയാണ് വിശദീകരണം.
തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം. ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവന മാർഗവും ആശ്വാസവുമേകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രവർത്തനങ്ങളോട് സഹകരണം ഉണ്ടാവണം എന്നും വകുപ്പ് അഭ്യർഥിച്ചു.
ലോട്ടറി വകുപ്പ് ഇറക്കിയ എസ്.കെ 34 സീരിയലിലുള്ള 50 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റിൽ പതിച്ച ചിത്രമാണ് വിവാദത്തിലായത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. 2026 ജനുവരി രണ്ടിന് ഒരു കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിന്‍റെ നെറുക്കെടുപ്പ് നടക്കാനിരിക്കെയാണ് പരാതി ഉയർന്നത്. ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും രംഗത്തു വന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ലോട്ടറിയുടെ പ്രസിദ്ധീകരണവും പ്രചാരണവും ഹിന്ദു പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും മതവികാരത്തെ അപമാനിക്കാനും പ്രകോപിപ്പിക്കാനും ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ എളിമയെ അപമാനിക്കാനുമുള്ള മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തിയാണെന്ന് പരാതിയിൽ പറയുന്നു. ലോട്ടറി രൂപകൽപന, അച്ചടി, പ്രസിദ്ധീകരണം എന്നിവക്ക് പിന്നിലുള്ള ആളുകൾക്കെതിരെ ബി.എൻ.എസ് സെക്ഷൻ 299 പ്രകാരം കേസെടുക്കണമെന്നും ഹിന്ദു സമൂഹത്തിലെ സ്ത്രീകളെ, പ്രത്യേകിച്ച് ഒരു സമൂഹത്തെ മനഃപൂർവം അപമാനിക്കുന്നതിനാൽ ബി.എൻ.എസ് 79, 352, 353 എന്നീ വകുപ്പുകളും ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

